
ദില്ലി: ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് 'ടേസ്റ്റ് അറ്റ്‌ലസ്' പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ ഏറ്റവും വിശിഷ്ട വിഭവം ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്.
പഠനങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച 150 ഇതിഹാസ റെസ്റ്റോറന്റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ ഏഴ് റെസ്റ്റോറന്റുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഭക്ഷ്യ അനുഭവമാണ് ഇവയെന്നും ടേസ്റ്റ് അറ്റ്ലസ് ഗൈഡ് ഉറപ്പുനൽകുന്നു. ഇവ വെറും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ , ഗാലറികൾ, സ്മാരകങ്ങൾ എന്നിവയുമായൊക്കെ താരതമ്യപ്പെടുത്താവുന്ന ഇടങ്ങളാണ്.
നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവമായ 'ഷ്നിറ്റ്‌സെൽ വീനർ ആർട്ടി'ൽ കേന്ദ്രീകരിച്ച് പ്രശസ്തരായ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗ്‌മുള്ളർ ആണ് ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ, ഇന്തോനേഷ്യയിലെ സനൂറിലുള്ള വാറുങ് മാക് ബെംഗ് എന്നിവ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കോഴിക്കോടിന്റെ ചരിത്രപ്രസിദ്ധമായ ഭക്ഷണശാലകളിൽ ഒന്നാണ് പാരഗൺ റെസ്റ്റോറന്റ്. ലോകത്തിലെ ഏറ്റവും ഐതിഹാസികമായ പതിനൊന്നാമത്തെ റെസ്റ്റോറന്റായി അതിനെ തെരഞ്ഞെടുക്കുന്നു. ബിരിയാണിയാണ് റെസ്റ്ററന്റിന്റെ ഏറ്റവും 'ഐക്കണിക്' വിഭവം. കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള പാരഗൺ ഹോട്ടൽ, പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന്റെ പേരിലാണ് പ്രസിദ്ധമാുകന്നത്. പ്രദേശത്തെ സമ്പന്നമായ ഭക്ഷണ പാരമ്പര്യത്തിന്റെ ഒരു ചിഹ്നമാണ് ഈ ഭക്ഷണശാല. അരി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേരുന്ന ബിരിയാണിയാണ് അവിടത്തെ മികച്ച വിഭവം. പഴക്കമുള്ള പാരമ്പര്യം അവകാശപ്പെടുന്നതും, പ്രാദേശികമായി കിട്ടുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയതുമാണ് ഈ ബിരിയാണിയെന്നും അറ്റ്ലസ് ഗൈഡ് കുറിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam