ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്‍റെ ഭീഷണി

Published : Aug 20, 2026, 08:14 AM IST
Donald trump

Synopsis

യുഎസ് - ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപെങ്ങുമില്ലാത്ത ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇറാൻ നേരിടേണ്ടി വരികയെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേൽ സേനയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മധ്യപൂർവേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു. തുടർന്ന് യുഎസ് - ഇസ്രയേൽ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നടത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി 'ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി' എന്ന പേരിൽ ഉപരോധ നടപടികൾ ശക്തമാക്കി.

60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിച്ചതോടെ ഇറാനുമായി നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുകയാണെന്നും വെള്ളത്തിനടിയിലെ മൈനുകൾ നീക്കം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് നിർത്തിവെച്ചിരുന്ന സൈനിക നടപടികൾ, ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീണ്ടും സങ്കീർണ്ണമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാമ്പ്; നേതൃത്വം നല്‍കി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍
പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം