
ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചർച്ചിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേൽ റൊമാനെല്ലിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മരണം മൂന്നായതായി ലാറ്റിൻ പാത്രിയാർക്കേറ്റ് സ്ഥിരീകരിച്ചു. ഇസ്രയേൽ കുട്ടികളും 54 ഭിന്നശേഷിക്കാരും ഉൾപ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു പള്ളി. ആക്രമണത്തിൽ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു.
കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നും ഈ ക്രൂരമായ യുദ്ധം അവസാനിക്കാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ല.'' ഹോളി ഫാമിലി പള്ളിയുടെ ഭരണച്ചുമതലയുള്ള ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് വാർത്താ ഏജൻസിയായ എഎഫ്പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഗാസയിലെ ക്രിസ്ത്യൻ പള്ളികൾക്കുനേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല.
എഡി നാലാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോർഫിറിയസ് പള്ളി ഉൾപ്പെടെ ഗാസയിലെ പള്ളികൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതേസമയം ഗാസയിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ സൈനികാക്രമണത്തിൽ ജീവഹാനിയും പരിക്കും സംഭവിച്ചതിൽ ലിയോ മാർപാപ്പ അതീവ ദുഃഖിതനാണെന്നും വെടിനിർത്തലിനുള്ള തന്റെ ആഹ്വാനം അദ്ദേഹം ആവർത്തിക്കുന്നുവെന്നും വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam