
ദില്ലി: ജി 20 ഉച്ചകോടി മറ്റന്നാൾ തുടങ്ങാനിരിക്കെ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധം പ്രഖ്യാപിച്ചു. ജി 20 യില്‍ ചൈനീസ് പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് ദില്ലിയിൽ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധം പ്രഖ്യാപിച്ചത്. നാളെ ദില്ലിയിലെ മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന അനധികൃതമായി തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ചൈനീസ് പ്രതിനിധി സന്ദർശനം നടത്തുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നും ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് വിവരിച്ചു.
അതേസമയം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ എത്തുമെന്ന് അമേരിക്ക നേരത്തെ സ്ഥിരീകരിച്ചിരുന്നു . അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ സജീവമായത്. എന്നാൽ ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്‍റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയിൽ മാസ്ക് ധരിച്ചാകും ജോ ബൈഡൻ പങ്കെടുക്കുക.
അതിനിടെ ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കവും അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈൻ വിഷയത്തിൽ സമവായം ഇല്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കി. ജോ ബൈഡൻ എത്തുമെങ്കിലും സംയുക്തപ്രഖ്യാപനത്തിന്‍റെ കാര്യത്തിൽ സമവായം ആയിട്ടില്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞത്.
അതേസമയം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പുറമെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് ദില്ലിയിൽ എത്തും. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം