
ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിച്ചാൽ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ സർക്കാർ. വാക്സിനെടുക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികളടക്കം സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും. കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ(Rs 13, 487) പിഴയായി ശിക്ഷ ലഭിക്കാം. കഴിഞ്ഞയാഴ്ച്ച ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചതെന്നും ഈമാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും ദി ഗാർഡിയന്‍റെ റിപ്പോർട്ടിൽ പറയുന്നു.
സിന്ധിൽ നിന്നുള്ള മുൻ ദാരിദ്ര്യ നിർമാർജന-സാമൂഹിക സുരക്ഷാ മന്ത്രിയായ ഷാസിയ മാരി പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ നിരസിക്കുന്നത് അവസാനിപ്പിക്കാൻ ഈ നിയമം ഗുണംചെയ്യുമെന്ന് ഷാസിയ മാരി പ്രതികരിച്ചു. പോളിയോ ഉന്മൂലനം ചെയ്യാൻ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അതിനായി സർക്കാർ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യസംഘനയുടെ കണക്കുകൾ പ്രകാരം പാകിസ്ഥാനിൽ 2023-ൽ രണ്ടു പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-ൽ 20 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. പോളിയോ ഇപ്പോഴും ബാധിക്കുന്ന രണ്ടുരാജ്യങ്ങായി തുടരുന്നത് പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ്.
Read More : 'ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്നത് ഈ ഒരു കാര്യം ഉറപ്പാക്കിയ ശേഷം മാത്രം'; ഋഷി സുനക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam