
ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന ചർച്ചകൾ ലക്ഷ്യം കാണുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ. ട്രംപ് വാക്ക് പാലിച്ചെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ, ബന്ദികളുടെ ഓർമ്മക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ട്രംപിനെ ക്ഷണിച്ച് കത്തയച്ചു. വൈകാരികമായ കുറിപ്പാണ് അമേരിക്കൻ പ്രസിഡന്‍റ് ബന്ദികളുടെ കുടുംബങ്ങൾ എഴുതിയിരിക്കുന്നത്. ഇന്ന് ഞങ്ങൾക്ക് സമാധാനമായി ശ്വസിക്കാം. മരിച്ചവർക്ക് മാന്യമായി വിട നൽകാം എന്ന് തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നിടത്താണ് ട്രംപിനെ ബന്ദികളുടെ ഓർമയ്ക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിരിക്കുന്നത്. അതേസമയം നടന്നാൽ ഈ കരാർ ചരിത്രമാകുമെന്ന് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യായർ ലാപിഡ് അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റിന് മാത്രം നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കത്തെഴുതുകയും ചെയ്തു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ട്രംപിനെ ഫോണിൽ വിളിച്ചു. ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിച്ചതിൽ വൈകാരികമായി സംസാരിച്ചു. കരാറിൽ പൂർണമായ ആത്മാർത്ഥത വേണമെന്ന അഭ്യർഥനയുമായി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. മധ്യസ്ഥ രാഷ്ട്രങ്ങൾക്ക് യു എൻ നന്ദി പറഞ്ഞു. അതിനിടെ ഗാസ സമാധാന കരാർ ഇസ്രയേൽ സൈന്യത്തിന്‍റെ നേട്ടമാക്കി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കുറിപ്പിട്ടു.
ഗാസയിലെ സമാധാനത്തിനായി മുമ്പ് നിലവിൽ വന്ന രണ്ട് വെടി നിർത്തൽ ധാരണകളും പൊലിഞ്ഞത് ഇടയ്ക്കുണ്ടായ കരാർ ലാംഘനങ്ങൾ കാരണമായിരുന്നു. ഇതുണ്ടാകാതിരിക്കലാണ് പ്രധാനം. മാനുഷിക സഹായം തടസമില്ലാതെ എത്തിയില്ലെങ്കിലും, ബന്ദി കൈമാറ്റ വേളയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാലും സ്ഥിതി വഷളാകും. ഇസ്രായേലിന് ആത്മാർത്ഥത ഇല്ലെന്നാണ് ഹമാസ് എപ്പോഴും ആരോപിക്കാറുള്ളത്. ഹമാസ് വിട്ട് ഒഴിയുന്നതും ഇസ്രായേൽ പൂർണമായി പിൻവാങ്ങുന്നതും ഉൾപ്പടെ ദീർഘകാല ധാരണകൾ സംസാരിച്ചു ഉറപ്പിക്കുകയും വേണം.
ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ലോക രാജ്യങ്ങളിലെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്‍റെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിറുത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഗാസ സമാധാന കരാറിന്‍റെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അർഹനാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്.