Today's news Headlines: അമേരിക്കക്ക് 'പണി'യുമായി മോദി ജപ്പാനിൽ, കേരളത്തിൽ പരക്കെ മഴക്ക് സാധ്യത, കശ്മീരിനെ കരയിച്ച് കനത്തമഴ, കൂത്താട്ടുകുളം ആർക്ക്?

Published : Aug 29, 2025, 06:48 AM IST
Narendra Modi emplanes for Tokyo

Synopsis

ഇന്നത്തെ സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം

പ്രധാനമന്ത്രി മോദി ജപ്പാനിൽ, അമേരിക്കയുമായുള്ള താരിഫ് തർക്കമടക്കം ചർച്ചയാകും

അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക അധികം തീരുവ പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത. ചൈനക്കും ഇന്ത്യയ്ക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദി അറിയിക്കും. ജപ്പാനിലെ വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.

കേരളത്തിൽ ഇന്നും മഴ കനക്കും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരത്ത് ഇന്നും 31, 1 തിയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് അന്തരീക്ഷത്തിന്റെ താഴ്ന്ന തലങ്ങളിൽ പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായാതാണ് മഴ കനക്കുന്നതിന് കാരണം.

കശ്മീരിനെ കരയിച്ച് കനത്തമഴ, 43 ജീവൻ നഷ്ടം

മഴക്കെടുതി രൂക്ഷമായ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. കനത്ത ദുരിതമുണ്ടായ ജമ്മു കാശ്മീരിൽ സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴയ്ക്ക് ശമനമുണ്ടെങ്കിലും രണ്ടാഴ്ചകൂടി സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതുവരെ 43 പേരാണ് ജമ്മു കാശ്മീരിൽ മഴക്കെടുതിയില് മരിച്ചത്. പഞ്ചാബിലും, ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

വിവാദങ്ങൾക്കിടെ സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാ‍ർ കൂടി, വിപുൽ പഞ്ചോലിയും അലോക് ആരാധെയും സ്ഥാനമേൽക്കും

വിവാദങ്ങൾക്കിടെ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുക. രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ബി വി നാഗരത്നയാണ് കൊളീജിയത്തിൽ വിയോജിപ്പ് അറിയിച്ചത്. ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ ഇന്ന് പരസ്യ പ്രതിഷേധം

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ ഇന്ന് പരസ്യ പ്രതിഷേധവുമായി പരാതിക്കാരി രംഗത്തെത്തും. തിരുവനന്തപുരം ഡിഎംഒ ഓഫീസിലെത്തി കട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയും കുടുംബവും പ്രതിഷേധിക്കും. യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിഎംഒയ്ക്ക് പരാതി നൽകിയിരുന്നു. അതേസമയം പരാതിയില്ലാതെ തന്നെ വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്ന വിചിത്ര വാദമാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്നത്. ട്യൂബ് കുടുങ്ങിക്കിടക്കുന്നത് കൊണ്ട് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പിന്റെ വിശദീകരണക്കുറിപ്പിലുണ്ട്. സുമയ്യ നൽകിയ പരാതിയിൽ ഇനി ആരോഗ്യവകുപ്പ് എന്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

സിപിഎമ്മിനോട് പ്രതികാരം ചെയ്യാൻ കലാ രാജു, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്‌സൺ സ്ഥാനാർഥി; ഇന്ന് തെരഞ്ഞെടുപ്പ്

അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഏറെനാളായി സി പി എമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്‍റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്, ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും ഇന്ന് തുടക്കം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും ഇന്ന് തുടക്കമാകും. കണ്ണൂര്‍ പേരാവൂര്‍ നിയമസഭാ മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഭവന സന്ദർശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും സ്വന്തം വാര്‍ഡിലെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ഈ ഭവനസന്ദര്‍ശനത്തില്‍ ജനങ്ങളോട് വിശദീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്