ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി.

ബെം​ഗളൂരു: ശബരിമല സ്വ‍ർണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ബെംഗളൂരുവിൽ എത്തിച്ചതായി വിജിലൻസിന് വിവരം ലഭിച്ചു. നേരത്തെ ശാന്തി ചെയ്കിരുന്ന ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ സ്വർണപ്പാളി എത്തിച്ചെന്നാണ് സംശയം. ശ്രീകോവിൽ വാതിൽ എന്ന പേരിൽ സ്വർണം പൂശിയ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചതായി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.

2019ൽ ബെംഗളരൂവിലെ ഒരു ന്യൂസ് പോർട്ടലിൽ ശബരിമലയിലെ സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന് വിശദീകരിക്കുന്ന വിവേക് ജെയിൻ എന്ന വ്യവസായിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളി 39 ദിവസമെടുത്ത് ചെന്നൈയിൽ എത്താൻ ഇടയായ സാഹചര്യം അന്വേഷിക്കുന്ന ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടതാണ് വഴിത്തിരിവായത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് നഗരത്തിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലേക്ക് വിജിലൻസിനെ എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ഇതിനുപിന്നാലെ ശ്രീറാംപുരം അയ്യപ്പ ക്ഷേത്രത്തിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനോട് ക്ഷേത്രം ഭാരവാഹികൾ ഇക്കാര്യം സ്ഥിരീകരിച്ചു.

ബെംഗളൂരുവിലെ വ്യവസായിയായ വിവേക് ജെയിൻ, പണമിടപാട് സ്ഥാപനം നടത്തുന്ന രമേഷ് എന്നിവർക്കൊപ്പം ശ്രീകോവിൽ വാതിൽ എന്ന പേരിൽ ശബരിമലയിലെ സ്വ‍‍ർണം പൂശിയ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചതായി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി വിശ്വംഭരൻ പറഞ്ഞു. പൂജാ കർമങ്ങൾക്കും വിശ്വാസികൾക്ക് ദർശനവും ഒരുക്കിയതിനും ശേഷം ഈ സ്വർണപ്പാളി പൊതിഞ്ഞ് കൊണ്ടുപോയതായും വിശ്വംഭരൻ വ്യക്തമാക്കി. 2004ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവിടെ നിന്ന് പുറത്താക്കി. 

പിന്നാലെയാണ് അദ്ദേഹം ശബരിമലയിലെത്തുന്നതും പിന്നീട് 2019ൽ സ്വർണപ്പാളിയുമായി ക്ഷേത്രത്തിൽ തിരികെ എത്തിയതും. പുറത്താക്കിയ സമയത്തും ഇപ്പോഴും ക്ഷേത്രത്തിൽ ഇടയ്ക്ക് എത്താറുള്ള ഉണ്ണികൃഷ്ണൻ പോറ്റി മൂലസ്ഥാനത്തിന് ചുറ്റും ചെമ്പ് പൂശി നൽകിയിരുന്നു. ശ്രീറാംപുരയിൽ ക്ഷേത്രത്തിന് സമീപം തന്നെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിവാദത്തിൽ പ്രതികരണം നേടാൻ ശ്രമിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്