കുടിയേറ്റ വിരുദ്ധതയെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി, പത്തനംതിട്ടയിലെ സൈക്കോ മർദനം, ആര്യയുടെ അവാർഡ്, ഇന്ത്യ-പാക് പോരാട്ടം; ഇന്നത്തെ പ്രധാന വാർത്തകൾ

Published : Sep 14, 2025, 08:10 PM ISTUpdated : Sep 14, 2025, 08:27 PM IST
London-Anti-immigration-rally

Synopsis

ലണ്ടനിൽ ഒന്നര ലക്ഷം പേർ അണിനിരന്ന കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർന്നു, വയനാട്ടിൽ ഗ്രൂപ്പ് പോരും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി, ഇന്ത്യ-പാക് മത്സരം- ഇന്നത്തെ പ്രധാന വാർത്തകൾ

ലണ്ടനിൽ കുടിയേറ്റത്തിനെതിരെ തീവ്ര വലതുപക്ഷ സംഘടന നടത്തിയ പടുകൂറ്റൻ റാലിയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഒന്നര ലക്ഷത്തോളം പേർ അണിനിരന്ന റാലിയിൽ കുടിയേറ്റ വിഭാഗങ്ങൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഗ്രൂപ്പ് പോരും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പത്തനംതിട്ടയിൽ നിന്നുള്ള സൈക്കോ മർദനം, നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ആഘോഷം, ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാനവാർത്തകൾ....

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ റാലി

ലണ്ടനിൽ ഒന്നര ലക്ഷം പേർ അണിനിരന്ന കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി. തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച റാലിയിൽ പൊലീസിന് നേരെ പലതവണ ആക്രമണം ഉണ്ടായി. യുണൈറ്റ് ദി കിങ്ഡം എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ കുടിയേറ്റ സമൂഹങ്ങൾക്ക് എതിരെ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർന്നു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. സംഘർഷം ഉണ്ടാക്കിയ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടിയേറ്റക്കാർക്ക് ഇപ്പോൾ ബ്രിട്ടീഷുകാരേക്കാൾ അവകാശങ്ങളുണ്ടെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും സമരക്കാർ പ്രഖ്യാപിച്ചു. അതേസമയം കുടിയേറ്റ വിരുദ്ധ പ്രകടനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തള്ളിപ്പറഞ്ഞു. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടന്‍റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. ഈ രാജ്യത്തിന്‍റെ തെരുവുകളിൽ പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടനെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

സൈക്കോ മർദനം

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമർദനത്തിന് ഇരയാക്കി ഭർത്താവ്. പത്തനംതിട്ട കോയിപ്രത്ത് നടന്ന സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയർ കൊണ്ട് നഖം പിഴുതെടുത്തും ജയേഷ് അതിക്രൂരമായി പീഡിപ്പിച്ചു. രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദനം ഭർത്താവ് ജയേഷ് നടത്തിയത്. എന്നാൽ രശ്മിയുമായി അവിഹിത ബന്ധമില്ലെന്ന് മർദനമേറ്റ യുവാക്കൾ പറയുന്നു. ആഭിചാരക്രിയകൾ പോലെ പലതും നടത്തി സൈക്കോ രീതിയിൽ ദമ്പതികൾ മർദിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴി. യുവാക്കളെ അതിക്രൂരമായി മർദിച്ച ദൃശ്യങ്ങൾ രഹസ്യ ഫോൾഡറിലാക്കി ജയേഷ് ഫോണിൽ സൂക്ഷിച്ചിരുന്നു. അത് പൂർണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക പൊലീസ് സംഘം.

ഗ്രൂപ്പ് പോരും തമ്മിലടിയും പ്രാദേശിക നേതാക്കളുടെ ആത്മഹത്യയും; വയനാട്ടിൽ കോണ്‍ഗ്രസ് പ്രതിരോധത്തിൽ

ഗ്രൂപ്പ് പോരും തമ്മിലടിയും പിന്നാലെയുണ്ടായ നേതാക്കളുടെ ആത്മഹത്യകളും വയനാട് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 5 പേരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പി വി ജോണ്‍ ‌ആത്മഹത്യ ചെയ്തത് 2015 നവംബറിലാണ്. പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം നേതാക്കള്‍ കാലുവാരി വെറും 39 വോട്ട് മാത്രം നേടാനെ കഴിഞ്ഞുള്ളുവെന്നതിന്‍റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. 2023 മെയ് 29 നാണ് കോണ്‍ഗ്രസ് പ്രവർത്തകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പില്‍ ഇരയായതിന്‍റെ വേദനയിലായിരുന്നു മരണം. ഈ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധം കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്യുന്നതില്‍ എത്തിച്ചു. തൊട്ടടുത്ത വർഷമാണ് ഡിസിസി ട്രഷറർ ആയ എൻ എം വിജയൻ ആത്മഹത്യ ചെയ്തത്. സഹകരണ ബാങ്ക് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കാരണം. ഒടുവിലത്തേതാണ് പെരിക്കല്ലൂരിലെ ജോസ് നെല്ലേടത്തിന്‍റെ ആത്മഹത്യ. പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം സമ്പൂർണ പരാജയമായതില്‍ പാര്‍ട്ടിയിലും അതൃപ്തി പുകയുകയാണ്.

നാടെങ്ങും ശോഭായാത്ര

ഗുരുവായൂർ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ അഷ്ടമിരോഹിണി മഹോത്സവം നടക്കുകയാണ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി സമൂഹ സദ്യ നടന്നു. അരലക്ഷത്തിലേറെ പേർ പങ്കെടുത്തു. ഗുരുവായൂരിൽ പുലർച്ചെ മൂന്ന് മണിക്ക് നിർമ്മാല്യ ദർശനത്തോടെയാണ് ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങിയത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നാടെങ്ങും ശോഭായാത്ര നടക്കുകയാണ്. 

ആര്യ രാജേന്ദ്രന്‍റെ അവാർഡിനെ ചൊല്ലി സൈബറിടത്തിൽ വിവാദം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ ഇന്നലെ ലണ്ടനിൽ സ്വീകരിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് അവാര്‍ഡിനെ ചൊല്ലി സൈബറിടത്തിൽ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കൾ അനുമോദന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോള്‍ ട്രോളുകളുമായി എതിരാളികളും രംഗത്ത്. തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്‍റിൽ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി എന്നാണ് ആര്യ രാജേന്ദ്രൻ അറിയിച്ചത്. ഇന്ത്യാക്കാരന്‍ സ്ഥാപക പ്രസിഡന്‍റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹാള്‍ വാടകയ്ക്ക് എടുത്ത നടത്തിയ ചടങ്ങിന് ഹൗസ് ഓഫ് കോമൻസുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് സൈബറിടത്തിൽ ഉയരുന്നത്.

ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ

ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ. കേസിൽ ഹൈക്കോടതിയിലെ ഹർജിക്കാരൻ വി സി അജികുമാറും ഡോ. പിഎസ് മഹേന്ദ്ര കുമാറും സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ രാഷ്ട്രീയ നീക്കമെന്നും വന നിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിക്കുന്നു. അതെസമയം ഡോ.പി.എസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഹർജികളിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ഇനി ആറ് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പമ്പാ തീരത്ത് പന്തൽ ഉയർന്നുകഴിഞ്ഞു. 3000 പേരെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-പാക് പോരാട്ടം

ഏഷ്യാ കപ്പിൽ ഇന്ന് വമ്പൻ പോരാട്ടം. രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ, ദുബൈയിൽ പോരാട്ടം തീപാറും. പാക് പടയെ ഒരിക്കൽ കൂടി തോൽപ്പിച്ച് മടക്കി അയക്കണം സൂര്യകുമാറിന്റെ യുവസംഘത്തിന്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ ആധികാരിക ജയം വ്യക്തമായ മുന്നറിയിപ്പാണ്. ഇതിന് മുൻപ് ചാമ്പ്യൻസ് ട്രോഫിയിൽ ഇതേ വേദിയിലാണ് പാകിസ്ഥാൻ 6 വിക്കറ്റിന് തകർന്നടിഞ്ഞത്. അന്ന് സെഞ്ച്വറി നേടിയ കോലിയും ക്യാപ്റ്റൻ രോഹിതും ഇല്ലെങ്കിലും ഇന്ത്യൻ ടീമിനെ മറികടക്കുക പാകിസ്ഥാന് ഒട്ടും എളുപ്പമാകില്ല. ബാബർ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെ കളത്തിലിറങ്ങുന്ന സൽമാൻ ആഘയുടെ ടീമിന് വീണ്ടും ഒരു തോൽവി ആലോചിക്കാൻ പോലും ആകില്ല. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഒരു മത്സരം ജയിച്ചിട്ട് ഇന്നേക്ക് 3 വർഷവും 10 ദിവസവും കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു