ശ്രീലങ്കൻ ആക്രമണങ്ങൾക്കു പിന്നിൽ മതഭ്രാന്ത് പിടിച്ച ഒരു സമ്പന്ന കുടുംബം

By Web TeamFirst Published Apr 24, 2019, 6:14 PM IST
Highlights

തോളത്തൊരു ബാഗുമായി കത്തീഡ്രലിനകത്തേക്ക് കേറും വഴി ഒരു കുഞ്ഞിന്റെ തലമുടിയിൽ തഴുകാൻ ഒരു നിമിഷം നിന്ന ചാവേറിന്റെ വ്യക്തമായ സിസിടിവി ദൃശ്യം കിട്ടിയതായിരുന്നു വഴിത്തിരിവ് 

കൊളംബോയിൽ പലയിടത്തായി നടന്ന ബോംബുസ്ഫോടനങ്ങൾക്ക് നിമിഷങ്ങൾക്ക് മുമ്പുള്ള ആ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ  പരിശോധിക്കുകയായിരുന്നു ശ്രീലങ്കൻ ഇന്റലിജൻസ്. അതിനിടെയാണ് അവർക്ക് ഒരു ചാവേർ ബോംബറുടെ ക്ളോസപ്പ് ദൃശ്യങ്ങൾ കിട്ടുന്നത്. 

നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയൻ കത്തീഡ്രലിലേക്ക് തോളത്തൊരു ബാഗുമായി  വളരെ ലാഘവത്തോടെ തന്നെ  നടന്നു കയറവേ അയാൾ അവിടെ നിന്ന ഒരു പിഞ്ചു കുഞ്ഞിന്റെ തലമുടിയിൽ തഴുകുക പോലും ചെയ്തു. എന്നിട്ട് നേരെ പള്ളിക്കകത്തു ചെന്ന് തന്റെ ബാഗിൽ നിറച്ചിരുന്ന സ്ഫോടകവസ്തുക്കൾ ട്രിഗർ ചെയ്ത അയാൾ ചിന്നിച്ചിതറിച്ചത് അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന നിരപരാധികളായ 67  വിശ്വാസികളെയായിരുന്നു. 

ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ്. ആ കുടുംബത്തിലെ മക്കളാണ് ചാവേറായി പൊട്ടിത്തെറിച്ച ഏഴംഗ സംഘത്തിലെ രണ്ടു പേർ. ഇൽഹാം ഇബ്രാഹിം, ഇൻഷാഫ്  എന്നിങ്ങനെയായിരുന്നു ആ സഹോദരന്മാരുടെ പേരുകൾ.   

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്തു. പക്ഷെ, അവർക്ക് പിടി കൊടുക്കാൻ മനസ്സില്ലാതെ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമ, വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബിനെ  ട്രിഗർ  ചെയ്തു. സ്‌ഫോടനത്തിൽ, ഫാത്തിമ, അവരുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികൾ, അവരെ അന്വേഷിച്ചു ചെന്ന പൊലീസ് ഇൻസ്‌പെക്ടർ, രണ്ടു കോൺസ്റ്റബിൾമാർ എന്നിവർ കൊല്ലപ്പെട്ടു. 

കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിർമാണ ഫാക്ടറിയാണ് ഈ ആക്രമണങ്ങൾക്കെല്ലാമുള്ള ബോംബ് നിർമാണ ഫാക്ടറിയായി പ്രവർത്തിച്ചതെന്നു പറയപ്പെടുന്നു. ഇവിടെ നിർമിച്ച സ്റ്റീൽ ബോൾട്ടുകളും , സ്‌ക്രൂകളും മറ്റുമാണ് ബോംബുകളിൽ സ്ഫോടകവസ്തുക്കളോടൊപ്പം നിറച്ചത്. അവയാണ് നിരപരാധികളായ നൂറുകണക്കിനാളുകളുടെ ദേഹത്ത് തുളച്ചുകേറി അവർക്ക് ജീവാപായമുണ്ടാക്കിയത്. 

'കൊളോസസ് കോപ്പർ ഫാക്ടറി '

കൊളോസസ് കമ്പനിയുടെ മാനേജർ അടക്കം ഒമ്പത് ശ്രീലങ്കൻ വംശജരെ പൊലീസ് ചോദ്യം ചെയ്യാനായി ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  വളരെ സമ്പന്നമായ ഒരു ജീവിതം നയിച്ചിരുന്ന, സുഖസൗകര്യങ്ങളിൽ അഭിരമിച്ചിരുന്ന സഹോദരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഈ ക്രൂരകൃത്യം അവരുടെ സുഹൃദ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. 

കൊളംബോയിലെ ഏറ്റവും പോഷ് ആയ ഒരു ഏരിയയിൽ 13  കോടിയോളം രൂപ വില വരുന്ന ഒരു മാളികയിൽ തന്റെ ഭാര്യയോടും, എട്ടുവയസ്സുള്ള ഒരു മകൾ, ആറ്‌ , നാല്, രണ്ട്  വയസ്സുള്ള മൂന്ന് ആണ്മക്കളോടും ഒപ്പമായിരുന്നു ഇൻഷാഫ് താമസിച്ചിരുന്നത്. അവർക്ക് കൊളംബോയിൽ ജൂവലറി വ്യാപാരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സാംബിയയിലേക്ക് പോവുന്നു എന്നും പറഞ്ഞാണ് ഇൻഷാഫ് വീട്ടിൽ നിന്നും പോയത്. 

ഇൻഷാഫിന്റെ സഹോദരൻ ഇൽഹാമിന്റെ വീട്ടിൽ റെയിഡ് ചെയ്യവെയാണ് ഭാര്യ ഫാത്തിമ ചാവേറായി പൊട്ടത്തെറിക്കുന്നത്.  ഇൽഹാമിന്റെയും ഇൻഷാഫിന്റെയും അച്ഛൻ യൂനിസ് ഇബ്രാഹിം കൊളംബിയയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ് മാഗ്നറ്റായിരുന്നു. അദ്ദേഹത്തിന് സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമായിരുന്നു.  ബ്രിട്ടനിലെ സ്കോട്ട്ലൻഡ് യാർഡ് പോലീസിന്റെ അന്വേഷകരും ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കൊളംബോയിൽ എത്തിയിട്ടുണ്ടെന്ന് 'മിറർ' റിപ്പോർട്ട് ചെയ്‌തു. 

'ഇടത്ത് : ഇൽഹാം ഇബ്രാഹിം , വലത്ത് :   മൗലവി സെഹ്‌റാൻ ഹാഷിം' 

ആ ഏഴംഗ സംഘത്തിലുണ്ടായിരുന്ന മൗലവി സെഹ്‌റാൻ ഹാഷിം എന്നയാളാണ് ഈ പദ്ധതിയുടെ സൂത്രധാരൻ എന്നാണ് മിറർ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാഷിം തന്നെയാണ് ബ്രിട്ടീഷ് സഹോദരങ്ങളായ അമേലിയുടെയും ഡാനിയേലിന്റെയും മരണത്തിനു കാരണമായ ബോംബ് പൊട്ടിച്ച ചാവേറും.  ഹാഷിമിന്റെ ശ്രീലങ്കൻ തമിഴ് ഭാഷയിലുള്ള  പ്രകോപനപരമായ പ്രഭാഷങ്ങൾ ഏറെ നാളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. 

click me!