പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തണം; കത്തുമായി അമേരിക്കന്‍ സെനറ്റര്‍

By Web TeamFirst Published Jan 15, 2020, 1:00 PM IST
Highlights

ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാറിന് മേല്‍ യുഎസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സെനറ്റര്‍ ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയെയോട് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡസ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്ക് മനുഷ്യാവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെടണമെന്നും സെനറ്റര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. വിദേശ കാര്യ കമ്മിറ്റിയിലെ അംഗമാണ് ബോബ് മെനന്‍ഡസ്. ഇന്ത്യയില്‍ പൗരത്വ നിയമം ഭേദഗതി ചെയ്തതിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കാനുള്ള തീരുമാനത്തിലും സെനറ്റര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യവും മനുഷ്യാവകശവും സംരക്ഷിക്കപ്പെടാന്‍ യുഎസ് ഇടപെടണം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാറിന് മേല്‍ യുഎസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. പൗരത്വ നിയമ ഭേദഗതിയനുസരിച്ച് മതാടിസ്ഥാനത്തിലാണ് പൗരത്വം നല്‍കുന്നത്. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന തുല്യതക്കും വിവേചന രാഹിത്യത്തിനും വിരുദ്ധമാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ആര്‍സി നടപ്പായാല്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കും. ഇന്ത്യയിലെ മതേതരത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സിഎഎയും എന്‍ആര്‍സിയും. റോഹിംഗ്യന്‍ മുസ്ലീങ്ങളെയും പാകിസ്ഥാനിലെ അഹമ്മദീയ വിഭാഗക്കാരെയും ഒഴിവാക്കിയതിലൂടെ ഇത് മതവിവേചനമാണെന്ന് സ്പഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതില്‍ അമേരിക്ക ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല.

സിഎഎ മനുഷ്യാവകാശ വിരുദ്ധമാണെന്ന് യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിഎഎ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.  അതേസമയം, സിഎഎയുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിയമം നടപ്പാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമത്തിനെതിരെ നിരവധി വ്യക്തികളും കേരളവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

click me!