രാജ്യമാകെ വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി, ദേശീയ പവര്‍ ഗ്രിഡ് തകര്‍ന്നു, യു.എസ് ഉപരോധത്തില്‍ സമ്പൂര്‍ണ്ണ ഇരുട്ടിലായി ക്യൂബ

Published : Jul 07, 2026, 02:20 PM IST
Cuba Blackout

Synopsis

ഈ വര്‍ഷം ക്യൂബയിലേക്കുള്ള പ്രധാന എണ്ണക്കപ്പലുകള്‍ അമേരിക്ക തടഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. മാര്‍ച്ചില്‍ മാത്രം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് രാജ്യം പൂര്‍ണ്ണമായി ഇരുട്ടിലായത്.

ഹവാന: കടുത്ത ഊര്‍ജ്ജപ്രതിസന്ധിയെത്തുടര്‍ന്ന് ക്യൂബയില്‍ വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി. വൈദ്യുത വിതരണം നടത്തുന്ന ദേശീയ പവര്‍ ഗ്രിഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇന്ധനക്കപ്പലുകള്‍ ക്യൂബയില്‍ എത്താതിരിക്കാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ചയോടെയാണ് രാജ്യത്തെ വൈദ്യുത വിതരണ ശൃംഖല പൂര്‍ണ്ണമായി നിലച്ചത്. ഗ്രിഡ് തകരാറിലാകാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കാന്‍ മൈക്രോസിസ്റ്റങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും ഊര്‍ജ്ജ മന്ത്രി അറിയിച്ചു.

പഴക്കമേറിയ വൈദ്യുതി വിതരണ സംവിധാനം കാരണം കുറച്ചു വര്‍ഷങ്ങളായി ക്യൂബയില്‍ വൈദ്യുതി മുടക്കങ്ങള്‍ പതിവാണ്. ഈ വര്‍ഷം ക്യൂബയിലേക്കുള്ള പ്രധാന എണ്ണക്കപ്പലുകള്‍ അമേരിക്ക തടഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. മാര്‍ച്ചില്‍ മാത്രം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് രാജ്യം പൂര്‍ണ്ണമായി ഇരുട്ടിലായത്.

ജനങ്ങളെ ശ്വാസം മുട്ടിച്ച് രാജ്യത്ത് ഒരു സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ് കാനല്‍ എക്‌സില്‍ കുറിച്ചു. അമേരിക്കന്‍ ഉപരോധം മൂലം വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങളെല്ലാം ക്യൂബയില്‍ താറുമാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്യൂബയിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താനും വിദേശ നിക്ഷേപം അനുവദിക്കാനും വേണ്ടിയാണ് തങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നത് എന്നാണ് അമേരിക്കയുടെ വാദം. ക്യൂബയില്‍ റഷ്യയുടെയും ചൈനയുടെയും ചാരവിനിമയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിച്ചു. എന്നാല്‍, തങ്ങളുടെ ജനങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്നത് കൂട്ടക്കൊലയ്ക്ക് തുല്യമായ ക്രൂരതയാണെന്ന് ക്യൂബന്‍ വിദേശ വ്യാപാര നിക്ഷേപ മന്ത്രി ഓസ്‌കാര്‍ പെരസ് ഒലിവ ഫ്രാഗ പ്രതികരിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി ചുട്ടുപൊള്ളുന്ന ദിനങ്ങൾ; യുഎഇയിൽ 'ജംറത്തുൽ ഖൈത്' കാലത്തിന് തുടക്കമായി
'പാകിസ്ഥാൻ ശരിക്കും ആരാണെന്ന് ഓർക്കണം'; ഖമനേയിയെ പ്രകീർത്തിച്ച് പാക് പ്രധാനമന്ത്രി, മധ്യസ്ഥരാകാൻ യോ​ഗ്യതയില്ലെന്ന് യുഎസ് സെനറ്റ് അം​ഗം, രൂക്ഷവിമർശനം