ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് കാരണം.
വാഷിങ്ടൺ: യുഎസ്-ഇറാൻ ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിൽ ആശങ്ക ഉന്നയിച്ച് യുഎസ് സെനറ്റ് അംഗം. ഫ്ളോറിഡയിൽനിന്നുള്ള യുഎസ് സെനറ്റ് അംഗം റിക് സ്കോട്ട് ആണ് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ആശങ്ക ഉന്നയിച്ച് രംഗത്തെത്തിയത്. ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഷെഹബാസ് ഷെരീഫിന്റെ ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്റെ പങ്കിനെ സംശയിച്ച് റിക് സ്കോട്ട് അടക്കമുള്ളവർ രംഗത്തെത്തിയത്.
മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ ശരിക്കും ആരാണെന്ന് നമ്മൾ ഓർക്കേണ്ടതുണ്ടെന്നായിരുന്നു റിക് സ്കോട്ട് സാമൂഹികമാധ്യമത്തിൽ കുറിച്ചത്. പതിറ്റാണ്ടുകളോളം ബിൻ ലാദൻ ഒളിയിടക്കമാക്കിയ, മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളെ പീഡിപ്പിച്ച, വംശഹത്യ നടത്തിയ ഇറാനിലെ ഭരണാധികാരിയെ പ്രകീർത്തിച്ച പ്രധാനമന്ത്രിയുള്ള ഒരു രാജ്യത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്നും മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ എന്ന രാജ്യത്തിന് യാതൊരു യോഗ്യതയും ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പാകിസ്ഥാൻ ഇത് ശ്രദ്ധിക്കണമെന്നും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു.
അലി ഖമനേയിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അലി ഖമനേയിയെ പ്രകീർത്തിച്ച് സംസാരിച്ചതാണ് ചില യുഎസ് പാർലമെന്റ് അംഗങ്ങളെ വീണ്ടും പ്രകോപിപ്പിച്ചത്. അലി ഖമനേയി മഹാനായ പണ്ഡിതനും നേതാവുമാണെന്ന് വിശേഷിപ്പിച്ച ഷെഹബാസ് ഷെരീഫ്, ഇറാനും പാകിസ്ഥാനും സഹോദരരാജ്യങ്ങളാണെന്നും ഏത് സാഹചര്യത്തിലും തങ്ങൾ ഒരുമിച്ച് നിൽക്കുമെന്നും പറഞ്ഞിരുന്നു. ഈ പ്രതികരണാണ് യുഎസിൽ വീണ്ടും പ്രതിഷേധത്തിനിടയാക്കിയത്.
നേരത്തേ മറ്റൊരു സെനറ്റ് അംഗമായ ലിൻഡ്സി ഗ്രഹാമും പാകിസ്ഥാന്റെ മധ്യസ്ഥതയ്ക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു സെനറ്റ് അംഗം കൂടി പാകിസ്ഥാന്റെ മധ്യസ്ഥതയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.


