യുഎഇയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജംറത്തുൽ ഖൈത് കാലത്തിന് തുടക്കമായി. ഓഗസ്റ്റ് 10 വരെ നീളുന്ന ഈ കാലയളവിൽ കനത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്, എങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചു. പടിഞ്ഞാറൻ മേഖലകളിൽ താപനില കുറയാനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബുദാബി: യുഎഇയിലെ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കമായതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ മാസം മൂന്ന് മുതൽ ഓഗസ്റ്റ് 10 വരെയാണ് ഈ കാലഘട്ടം നീണ്ടുനിൽക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കടുത്ത വേനൽച്ചൂടിന്‍റെ തുടക്കത്തിലും യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇന്ന് രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ മേഖലകളില്‍ താപനില ക്രമേണ കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും നാളെ പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പകൽ സമയം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്നേക്കാം. കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശും. ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗം പ്രാപിച്ചേക്കും. അറബിക്കടലിൽ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടൽ ശാന്തമായിരിക്കും.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. റാസൽഖൈമയിലും അൽ ഐനിലും 44 ഡിഗ്രി സെൽഷ്യസും ലിവ, അൽ സില എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയേക്കാം. ഫുജൈറയിൽ 37 ഡിഗ്രി സെൽഷ്യസും ഗ്രേറ്റർ ആൻഡ് ലെസ്സർ ടുൻബ് ദ്വീപുകളിൽ 35 ഡിഗ്രി സെൽഷ്യസുമായിരിക്കും ഉയർന്ന താപനില.