തെറ്റിദ്ധരിച്ച് അറസ്റ്റ്, നടപടിക്കിടെ 42കാരന്റെ കഴുത്തിൽ കാൽമുട്ട് വച്ചമർത്തിയെന്ന് ആരോപണം, ഇന്ത്യൻ വംശജന് ദാരുണാന്ത്യം

Published : Jun 14, 2025, 09:22 AM IST
Gaurav Kundi

Synopsis

തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ച് വെന്റിലേറ്ററിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് 2 ആഴ്ച ചികിത്സയിൽ കഴിഞ്ഞത്.

അഡലെയ്ഡ്: അറസ്റ്റിനിടെ പൊലീസുകാരുടെ അതിക്രമം. പരിക്കേറ്റ ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം. 42കാരന്റെ മരണം കസ്റ്റഡി മരണമെന്ന നിലയിൽ അന്വേഷണം ആരംഭിച്ചു. ഗൗരവ് കണ്ടി എന്ന ഇന്ത്യൻ വംശജനാണ് മെയ് 29ന് അഡലെയ്ഡിലെ റോയ്സ്റ്റൺ പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനിടെ അവശനിലയിലായി പ്രതികരിക്കാതിരുന്ന 42 കാരനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഗൗരവ് റോയൽ അഡലെയ്സ് ആശുപത്രിയിൽ വച്ച് മരിച്ചതെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് വിശദമാക്കുന്നത്. രണ്ട് ആഴ്ച ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇന്ത്യൻ വംശജന്റെ ദാരുണാന്ത്യം.

ഭ‍ർത്താവിന്റെ തല അറസ്റ്റിനിടെ പൊലീസുകാർ തറയിലും കാറിന്റെ ഡോറിലും ഇടിപ്പിച്ചതായാണ് ഗൗരവിന്റെ ഭാര്യ അമൃത്പാൽ കൗർ ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ട് വച്ച് അമർത്തിയതിന് പിന്നാലെയാണ് താൻ ഒന്നും ചെയ്തിരുന്നില്ല എന്ന് നിലവിളിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ ചലനമറ്റതെന്നും അമൃത്പാൽ കൗർ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ച് ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് രണ്ട് ആഴ്ച ചികിത്സയിൽ കഴിഞ്ഞത്. തലച്ചോർ പൂർണമായി നിലച്ച നിലയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കിയതായി ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു.

മദ്യപിച്ചതിന് ശേഷം താനുമായി ത‍ർക്കിച്ചത് ഗാർഹിക പീഡനമായി കണ്ടാണ് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതെന്നാണ് അമൃത്പാൽ കൗർ ആരോപിക്കുന്നത്. മദ്യപിച്ച ശേഷം വീടിന് പുറത്തേക്ക് പോവുന്നതിനേ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇത് കണ്ടെത്തിയ രണ്ട് പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് ഭാര്യ പകർത്തിയ വീഡിയോയിൽ ഉണ്ടായിരുന്നു. ഗൗരവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയതോടെ താൻ വീഡിയോ ചിത്രീകരിക്കുന്നത് നിർത്തിയെന്നാണ് അമൃത്പാൽ കൗർ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയിൽ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് ഇന്നലെ നടത്തിയ വാ‍ർത്താ സമ്മേളനത്തിലും പിന്നാലെ ഇറക്കിയ പ്രസ്താവനയിലും വിശദമാക്കിയത്. എന്നാൽ ഗൗരവിനെ നിലത്ത് തള്ളിയിട്ടതായും കഴുത്തിൽ കാൽമുട്ട് അമർത്തിയതായുമുള്ള ആരോപണം പൊലീസ് നിഷേധിച്ചു. പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറയിലെ ദൃശ്യങ്ങളിൽ ഇത്തരം അക്രമ ദൃശ്യങ്ങളില്ലെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് വിശദമാക്കിയത്. ഗൗരവ് കണ്ടിയെ റോഡിൽ ബലമായി പൊലീസ് തള്ളിയിടുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. താനും തന്റെ പങ്കാളിയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗൗരവ് നിലവിളിക്കുന്നും വിഡിയോയിലുണ്ട്. ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത സമയത്ത് അറസ്റ്റിൽ നേരിട്ട് ഇടപെട്ട പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറ വീണുപോയതായും സൗത്ത് ഓസ്ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ വിശദമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം