
കെയ്റോ: കുടുംബത്തോടൊപ്പം പാമ്പുകളുടെ പ്രദർശനം കാണാനെത്തിയ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. ഈജിപ്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ജർമനിയിൽ നിന്നുള്ള 57കാരനായ സഞ്ചാരിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഈജിപ്തിലെ പ്രശസ്തമായ ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രമായ ഹുർഘദയിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഹോട്ടലിലെ വിനോദപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെ പാമ്പാട്ടി രണ്ട് പാമ്പുകളെ കാണികളുടെ കഴുത്തിൽ ചുറ്റിക്കൊടുക്കുന്നുണ്ടായിരുന്നു. ഇവ മൂർഖൻ പാമ്പുകളായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രകടനത്തിനിടയിൽ പാമ്പാട്ടി ഇതിലൊരു പാമ്പിനെ ജർമ്മൻ സ്വദേശിയായ വിനോദസഞ്ചാരിയുടെ പാൻറ്സിനുള്ളിലേക്ക് ഇഴഞ്ഞു കയറാൻ അനുവദിച്ചു. ഈ സമയത്താണ് പാമ്പ് അദ്ദേഹത്തിന്റെ കാലിൽ കടിച്ചത്.
പാമ്പ് കടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തിന് വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായി. ശ്വാസതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ജർമ്മൻ പൊലീസും പ്രോസിക്യൂട്ടർമാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷം ശരീരത്തിൽ എത്രത്തോളം ബാധിച്ചു എന്നറിയാൻ ടോക്സിക്കോളജി പരിശോധനാ ഫലങ്ങൾക്കായി അധികൃതർ കാത്തിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും വന്യമൃഗങ്ങളെ ഇത്തരം പ്രദർശനങ്ങൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam