യുദ്ധവിജയത്തിന് ക്രിസ്തു നാമം ഉപയോഗിച്ച് ട്രംപ് ഭരണകൂടം; വിയോജിച്ച് മാര്‍പ്പാപ്പ

Published : Apr 04, 2026, 04:59 PM IST
Pope Leo XIV and  Donald Trump

Synopsis

പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമടക്കമുള്ള പ്രമുഖര്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ അതിനെ മതവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍, മാനവികതയുടെ തലത്തില്‍നിന്നുകൊണ്ട് യുദ്ധത്തിനും ഹിംസയ്ക്കും എതിരായ നിലപാടാണ് പോപ്പ് സ്വീകരിച്ചത്.

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിലെ വിജയത്തിനായി യേശുക്രിസ്തുവിന്റെ നാമത്തില്‍ ദിവസവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ജനങ്ങളോട് ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. യുദ്ധം തുടങ്ങിയതിനു പിന്നാലെ ഓവല്‍ഹൗസില്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് പാസ്റ്റര്‍മാര്‍ പ്രസിഡന്റ് ട്രംപിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ക്രിസ്തുവിന്റെ നാമത്തില്‍ വിശുദ്ധയുദ്ധം നയിക്കുകയാണ് ട്രംപ് എന്ന് പ്രഖ്യാപിക്കുന്ന യുഎസ് ഇവാഞ്ചലിസ്റ്റ് ബില്ലി ഗ്രഹാമിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്കയിലുടനീളമുള്ള നിരവധി ഇവാഞ്ചലിസ്റ്റ് പാസ്റ്റര്‍മാര്‍ ട്രംപിന് യുദ്ധവിജയം ഉണ്ടാവാന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിരുന്നു. ഈ യുദ്ധം വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ലെന്നും, മറിച്ച് വിശ്വാസവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണെന്നുമാണ് ഈ പാസ്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമാണ് മാര്‍പ്പാപ്പയുടെ ഇക്കാര്യത്തിലുള്ള നിലപാട്. അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പ്പാപ്പയായ ലിയോ പതിനാലാമന്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമടക്കമുള്ള പ്രമുഖര്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ അതിനെ മതവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍, മാനവികതയുടെ തലത്തില്‍നിന്നുകൊണ്ട് യുദ്ധത്തിനും ഹിംസയ്ക്കും എതിരായ നിലപാടാണ് പോപ്പ് സ്വീകരിച്ചത്.

ഈസ്റ്ററിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ കുര്‍ബാനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ ഇക്കാര്യത്തില്‍ മാര്‍പ്പാപ്പ വീണ്ടും നിലപാട് വ്യക്തമാക്കി. ആധിപത്യത്തിനുള്ള ആഗ്രഹത്താല്‍ പലപ്പോഴും ക്രൈസ്തവ ദൗത്യം വികലമാക്കി അവതരിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിന് തികച്ചും അന്യമാണ്. കത്തോലിക്കാ പ്രബോധനങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ക്കായി ക്രൈസ്തവ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന രീതികളെയും അദ്ദേഹം എടുത്തുപറഞ്ഞു.

റോമിലെ ബിഷപ്പിന്റെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടന്ന വിശുദ്ധ വ്യാഴാഴ്ച ചടങ്ങിലെ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'മറ്റുള്ളവരെ കീഴടക്കുമ്പോള്‍ നമ്മള്‍ നമ്മെത്തന്നെ ശക്തരായി കരുതുന്നു, നമുക്ക് തുല്യരായവരെ നശിപ്പിക്കുമ്പോള്‍ നമ്മള്‍ വിജയികളാണെന്ന് കരുതുന്നു, മറ്റുള്ളവര്‍ നമ്മെ ഭയപ്പെടുമ്പോള്‍ നമ്മള്‍ വലിയവരാണെന്ന് കരുതുന്നു. എന്നാല്‍ ദൈവം നമുക്ക് നല്‍കിയ മാതൃക കീഴടക്കാനല്ല, മറിച്ച് വിമോചിപ്പിക്കാനാണ്; ജീവന്‍ നശിപ്പിക്കാനല്ല, മറിച്ച് അത് നല്‍കാനാണ്.'

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ബോംബാക്രമണം ആരംഭിച്ചത് മുതല്‍, അക്രമം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം പരിഹരിക്കാന്‍ സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും മാര്‍പ്പാപ്പ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുദ്ധത്തിനായി യേശുവിന്റെ നാമം ഉപയോഗിക്കുന്നതിനെതിരെ മാര്‍ച്ച് അവസാനത്തില്‍ നടന്ന ഒരു ഞായറാഴ്ച പ്രസംഗത്തിലും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ യേശു കേള്‍ക്കില്ലെന്നും മറിച്ച് അവ നിരസിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പ്പാപ്പയായ ലിയോ പതിനാലാമന്‍ തന്റെ ആദ്യ വര്‍ഷത്തിലുടനീളം, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കാനും വൈറ്റ് ഹൗസുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ട്രംപ് കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപടികള്‍ ശക്തമാക്കിയപ്പോള്‍ കുടിയേറ്റക്കാരെ ശക്തമായി പിന്തുണയ്ക്കാന്‍ അമേരിക്കന്‍ ബിഷപ്പുമാരെ പ്രോത്സാഹിപ്പിച്ചത് പോലെ, മറ്റ് വഴിയിലാണ് അദ്ദേഹം ഇടപെടലുകള്‍ നടത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

യുഎസ് പ്രസിഡന്റിന് നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് ചോദിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം ട്രംപിനെക്കുറിച്ച് പരാമര്‍ശിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചതായി അറിഞ്ഞു. അക്രമങ്ങളും ബോംബാക്രമണങ്ങളും കുറയ്ക്കാനുള്ള ഒരു വഴി അദ്ദേഹം തേടുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് മാര്‍ച്ച് 31-ന് റോമിന് പുറത്തുള്ള തന്റെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ വെച്ച് മാര്‍പ്പാപ്പ പറഞ്ഞത്. യുദ്ധത്തെക്കുറിച്ച് താന്‍ ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും, 'നീതിപൂര്‍വ്വവും ശാശ്വതവുമായ സമാധാനം' ഉറപ്പാക്കാന്‍ ചര്‍ച്ചകളുടെയും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെയും പ്രാധാന്യം ആവര്‍ത്തിക്കുകയും ചെയ്തതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്‍റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
പാകിസ്ഥാന് എട്ടിന്‍റെ പണി! കടം നൽകിയ മുഴുവൻ പണം ഉടൻ വേണമെന്ന് യുഎഇ, വായ്പയായി നൽകിയ 3.24 ലക്ഷം കോടി രൂപ തിരികെ ചോദിച്ചു