ഹോർമുസ് കടലിടുക്കിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ ഇറാനെതിരെ രൂക്ഷമായി പ്രതികരിച്ച ഖത്തർ, എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി ഖത്തർ രംഗത്തെത്തി. ഹോർമുസിൽ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ടാങ്കറാണെന്ന് സ്ഥിരീകരിച്ച ഖത്തർ, ചെറിയ നേട്ടങ്ങൾക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നത് നിർത്താൻ ഇറാനോട് ആവശ്യപ്പെട്ടു. മേഖലയിൽ ഇറാന്റെ സാന്നിധ്യത്തെ അവഗണിക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തർ എന്നതിനാൽ, അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. സംഭവത്തിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദി ഇറാൻ മാത്രമായിരിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഹോർമുസിൽ വീണ്ടും ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി യു കെ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

