യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറുകൾക്ക് നേരെ ആക്രമണം. ഡ്രോൺ ഉപയോഗിച്ച് ഒരു ടാങ്കറിനെ ആക്രമിച്ചതായും, സംഭവത്തിൽ ഖത്തർ ഇറാനെ കുറ്റപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.  

ദുബായ്: വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം. യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഇന്ധന വിപണിയെയും കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. പേർഷ്യൻ ഗൾഫിന്റെ ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ നീങ്ങുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ആദ്യം ആക്രമണമുണ്ടാവുകയും, അതിന് പിന്നാലെ മൂന്നാമതൊരു ടാങ്കറിന് നേരെക്കൂടി പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അജ്ഞാത അൺക്രൂഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോൺ ആണ് മൂന്നാമത്തെ ടാങ്കറിൽ ഇടിച്ചതെന്നാണ് യുകെഎംടിഒ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ കപ്പലിന് ചെറിയ തോതിൽ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിസ്ഥിതി ആഘാതമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പൽ അതിന്റെ അടുത്ത തുറമുഖത്തേക്ക് യാത്ര തുടരുകയാണ്. ഒമാൻ തീരത്തുവെച്ച് ആക്രമിക്കപ്പെട്ട ആദ്യത്തെ ടാങ്കറുകളിൽ ഒന്നിന് തീപിടിച്ചിരുന്നു. കടലിടുക്കിൽ നിന്ന് തെക്കോട്ട് ഒമാൻ ഉൾക്കടലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ കപ്പലിന്റെ പോർട്ട് സൈഡിൽ പ്രൊജക്റ്റൈൽ പതിച്ചത്. രണ്ടാമത്തെ ടാങ്കറിനും ഘടനാപരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

ഖത്തറിന്റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറായ അൽ റെക്കയ്യാത്ത് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര നാവിക ഗതാഗതത്തിനും ആഗോള ഊർജ്ജ സുരക്ഷയ്ക്കും നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരി പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, ആക്രമണത്തിന്റെ പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നേരിട്ട് ഏറ്റെടുത്തിട്ടില്ല.

ഇറാൻ അംഗീകരിക്കുന്ന റൂട്ടുകളിലൂടെ മാത്രം സഞ്ചരിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് കടലിടുക്കിൽ സുരക്ഷയുണ്ടാകൂ എന്ന ഇറാന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം. കടലിടുക്കിലൂടെ നീങ്ങുന്ന എല്ലാ എണ്ണ ടാങ്കറുകളും തങ്ങൾ അംഗീകരിച്ച റൂട്ടുകൾ ഉപയോഗിക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഇടപെട്ടാൽ അതിന് വേഗതയേറിയതും നിർണ്ണായകവുമായ പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ മാസമാണ് യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ കരാർ ഒപ്പിട്ടത്.

കരാർ പൊതുവെ നിലനിൽക്കുന്നുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കുള്ളിൽ ഇരുനൂറിലധികം കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായും യുകെ മാരിടൈം ഏജൻസി വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ ഭീഷണി ഇപ്പോഴും ശക്തമായി തുടരുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനായിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മാത്രമേ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുകയുള്ളൂ എന്നാണ് വിവരം. അദ്ദേഹത്തിന്റെ വിലാപയാത്രയിൽ പങ്കെടുത്തവർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണത്തിനായി മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു.