
വാഷിംഗ്ടൺ: ഹാർവഡ് സര്‍വകലാശാലയ്ക്കെതിരായ ഡോണൾഡ് ട്രംപിന്‍റെ നീക്കം രണ്ടാം വട്ടം പ്രസിഡന്‍റ് പദത്തിലെത്തിയതിന് പിന്നാലെ തുടങ്ങിയതാണ്. നിയമ പോരാട്ടത്തിൽ ഇടയ്ക്ക് തിരിച്ചടി കിട്ടിയെങ്കിലും ഇപ്പോഴിതാ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കൻ സർക്കാർ ഹാർവിന് നൽകിയ എല്ലാ കരാറുകളും പിൻവലിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായാണ് ഏറ്റവും പുതിയ വാർത്ത. മൊത്തം 100 മില്യൺ ഡോളറിന്റെ കരാറുകളാകും റദ്ദാക്കുക. തീരുമാനം ജൂൺ 6 ന് മുമ്പ് കരാറുകൾ പിൻവലിക്കാൻ ഫെഡറൽ വകുപ്പുകൾക്ക് നിർദേശം നൽകിയെന്നാണ് വ്യക്തമാകുന്നത്.
ഹാർവഡ് സർവകലാശാലക്ക് നൽകിയിരുന്ന 100 മില്യൺ ഡോളറിന്റെ കരാറുകൾ റദ്ദാക്കണമെന്ന് യു എസ് സർക്കാർ ഫെഡറൽ ഏജൻസികൾക്ക് കത്തയച്ചെന്നാണ് വിവരം. ഹാർവഡ്സർവകലാശാലക്ക് നൽകിയിരുന്ന സഹായങ്ങൾ നിർത്തലാക്കുന്നതിലൂടെ ദീർഘകാല ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയാണ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ട്രംപ് ഭരണകൂടവും ഹാർവഡ് സർവകലാശാലയും നേർക്കുനേർ പോരിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഫെഡറൽ കോടതിയിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയേറ്റു. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി, കോടതി സ്റ്റേ ചെയ്തിരുന്നു. ഫെഡറൽ കോടതി ജഡ്ജ് ആലിസൺ ബറോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ഹനിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. കേസ് വീണ്ടും അടുത്താഴ്‌ച്ച പരിഗണിക്കും.
നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവ്വകലാശാലകളിലേക്ക് മാറണമെന്നതടക്കമുള്ള നിർദേശം നൽകികൊണ്ടാണ് ട്രംപ് ഭരണകൂടം വിലക്ക് പ്രഖ്യാപിച്ചിരുന്നത്. സ്റ്റുഡന്റ് വിസ റദ്ദ് ചെയ്യുമെന്നടക്കം അറിയിച്ചിരുന്നു. ഹാർവഡിൽ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഹാർവഡിലെ 6800 വിദേശ വിദ്യാർത്ഥികളെ ഈ നടപടി ബാധിക്കുന്നതായിരുന്നു. അതിനിടയിലാണ് കോടതി ഇടപെട്ട് സ്റ്റേ അനുവദിച്ചത്. കേസിലെ നിയമ പോരാട്ടം തുടരവെയാണ് ഇന്ന് 100 മില്യൺ ഡോളറിന്റെ കരാറുകൾ റദ്ദാക്കുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം