ഡോണൾഡ് ട്രംപിൻ്റെ പുതിയ നീക്കം; തിരിച്ചടിയാവുക ഇന്ത്യാക്കാർക്ക്; എച്ച്-1ബി വിസ കാലാവധി നീട്ടുന്നവർക്ക് വെല്ലുവിളി

Published : Oct 30, 2026, 03:38 AM IST
Donald Trump

Synopsis

അമേരിക്കയിൽ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതിലെ ഡെഫറൻസ് നയം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകൾ വീണ്ടും സമഗ്രമായി പരിശോധിക്കുന്നത് ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെ പ്രതികൂലമായി ബാധിച്ചേക്കാം

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട 'ഡെഫറൻസ് നയം' അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. നിലവിലെ നയമനുസരിച്ച്, ഒരു ജീവനക്കാരന്റെ വിസ മുൻപ് നൽകിയ അനുമതി മുൻനിർത്തി എളുപ്പത്തിൽ നീട്ടി നൽകുന്നതാണ് പതിവ്. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകൾ വീണ്ടും സമഗ്രമായി പരിശോധിക്കാനാണ് നീക്കം. ഗ്രീൻ കാർഡിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം.

നിലവിൽ, ഒരേ തൊഴിലുടമയുടെ കീഴിൽ തുടരുന്ന ജീവനക്കാരുടെ വിസ പുതുക്കാനുള്ള അപേക്ഷകളിൽ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇളവുകൾ നൽകാറുണ്ട്. ഇനി മുതൽ തൊഴിലിന്റെ സ്വഭാവം, വേതനം, കമ്പനിയുമായുള്ള ബന്ധം എന്നിവയെല്ലാം വീണ്ടും തെളിയിക്കേണ്ടി വരും. ഇത് വിസ പുതുക്കാനുള്ള നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കും. എച്ച്-1ബി വിസയിൽ യു.എസിലുള്ളവരിൽ 70 ശതമാനത്തോളവും ഇന്ത്യക്കാരായതിനാൽ ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഗ്രീൻ കാർഡ് ലഭിക്കുക പ്രയാസകരമായതിനാൽ പതിറ്റാണ്ടുകളായി മൂന്ന് വർഷം കൂടുമ്പോൾ വിസ നീട്ടിവാങ്ങി യു.എസിൽ തുടരുകയാണ് പ്രവാസികൾ ചെയ്യുന്നത്. വിസ പുതുക്കൽ വൈകുന്നതും കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നതും മൂലം തൊഴിൽ അനുമതി നിലയ്ക്കുന്ന സാഹചര്യം വരെയുണ്ടായേക്കാമെന്നാണ് പ്രവാസികൾ ഭയക്കുന്നത്. ഇതോടൊപ്പം എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്കുള്ള തൊഴിൽ അനുമതിയെയും ഇത് ബാധിച്ചേക്കാം. സാങ്കേതികമായി ഗ്രീൻ കാർഡ് അപേക്ഷകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഈ പ്രക്രിയയിലുണ്ടാകുന്ന അനിശ്ചിതത്വവും ചെലവുകളും കമ്പനികൾക്കും ജീവനക്കാർക്കും ഒരുപോലെ തിരിച്ചടിയാകും.

വ്യാജ അപേക്ഷകളും തെറ്റായ വിസ അനുമതികളും തടയുന്നതിനുമാണ് ഈ മാറ്റമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇത് നിലവിൽ നിർദേശം മാത്രമാണെന്നും, 2026 നവംബർ 13 വരെ പൊതുജനങ്ങൾക്കും വിദഗ്ധർക്കും ഇതിൽ അഭിപ്രായം അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ വിസ നിയമങ്ങൾ തന്നെ തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പകർത്തിയ ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; കൊല്ലപ്പെട്ടതെന്ന് സംശയം
ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഖത്തറിന് നേരെ തിരിഞ്ഞ് ബെഞ്ചമിൻ നെതന്യാഹു; അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ പഴി!