ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റം നടത്തിയതിന് പിന്നാലെ ഖത്തറിനെതിരെ ആരോപണങ്ങളുമായി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. എന്നാൽ ഈ ആരോപണങ്ങൾ വിഡ്ഢിത്തവും അപകടകരവുമാണെന്ന് ഖത്തർ ശക്തമായി തിരിച്ചടിച്ചു. അതേസമയം, ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷങ്ങൾ ഉണ്ടാകരുതെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു.

ടെൽ അവീവ്: അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, ഖത്തറിനു നേരെ ആരോപണവുമായി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കൾ. തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്ക് മുൻപ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചുവെന്നാണ് ആരോപണം. ഈ സന്ദർശനം എന്തിനായിരുന്നുവെന്ന് ചോദ്യമുയർത്തിയാണ് നേതാക്കൾ രംഗത്ത് വന്നത്. എന്നാൽ നെതന്യാഹു അടക്കമുള്ള നേതാക്കളുടെ ആരോപണം വിഡ്ഢിത്തവും അപകടവും നിറഞ്ഞ പ്രചാരണമാണെന്ന് ഖത്തർ തിരിച്ചടിച്ചു.

ആർക്കും വ്യക്തമായ മേധാവിത്തമില്ലാത്ത തെരഞ്ഞെടുപ്പ് ഫലവും ഒപ്പം അറബ് പാർട്ടികളുടെ മുന്നേറ്റവുമാണ് ഇസ്രയേലിലെ പ്രധാന ചർച്ചാ വിഷയം. ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് വോട്ടെണ്ണി തീരും മുൻപ് പ്രചാരണം തുടങ്ങി. അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപ് ഖത്തർ സന്ദർശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ തട്ടിയെടുത്തെന്ന് നെതന്യാഹു ഉൾപ്പടെ ഇന്നലെത്തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കടുത്ത പ്രചാരണവുമായി നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു ഉൾപ്പടെ രംഗത്തുണ്ട്. ആരോപണം നിഷേധിച്ച് ഖത്തർ രംഗത്തെത്തി. ഇസ്രയേലിൽ തെരഞ്ഞെടുപ്പിൽ ഇടപെടുകയോ ഫണ്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന്, ഖത്തർ വ്യക്തമാക്കി. ഖത്തറിനെതിരെ സംഘടിതമായി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. പ്രചാരണം വിഡ്ഢിത്തവും അപകടവും നിറഞ്ഞതാണെന്ന് ഡോ. മാജിദ് അൻസാരി തിരിച്ചടിച്ചു. ഒരു പ്രചാരണത്തിനും മേഖലയിലെ തങ്ങളുടെ സമാധാന ദൗത്യങ്ങളിൽ നിന്ന് പിന്തിരിക്കാനാവില്ലെന്നും ഖത്തർ പ്രതികരിച്ചു.

ഗൾഫ് മേഖലയിൽ സംഘർഷം പുനരാരംഭിക്കുന്നതിനെതിരെ നിലപാടുമായി യുഎഇയും ഇതിനിടെ രംഗത്തെത്തി. സംഘർഷം ഇനിയും വ്യാപിക്കരുതെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് യുഎഇ ആഹ്വാനം ചെയ്തു. വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. കക്ഷികൾ വിവേകം കാണിക്കണമന്നും വികസനവും ക്ഷേമവുമാണ് മേഖലയ്ക്ക് വേണ്ടതെന്നും യുഎഇ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളും അന്താരാഷ്ട്ര കക്ഷികളും ചേർന്ന് ചർച്ചകൾക്ക് വഴിയൊരുക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും മുൻകൈ എടുക്കണമെന്നാണ് യുഎഇയുടെ നിലപാട്. ഇറാനെതിരെ അമേരിക്ക ആക്രമണം പുനരാരംഭിച്ചേക്കും എന്ന സൂചനകൾക്കിടെയാണ് ഈ നിലപാട് യുഎഇ സ്വീകരിച്ചത്.