
വാഷിംഗ്‍ടണ്‍: ഇംപീച്ച്‍മെന്‍റ് നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ കലാപത്തിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമാണിത്. രാജ്യവ്യാപകമായി ജനരോക്ഷം ഉയരുകയാണെന്നും അക്രമം പാടില്ലെന്നുമാണ് ട്രംപിന്‍റെ പ്രതികരണം.
അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം. ഈ ദിനത്തില്‍ രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. നേരത്തെ വാഷിംങ്ടണ്‍ മേയര്‍ മൂരിയല്‍ ബൌസര്‍ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ജനുവരി 6ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളില്‍ നടത്തിയ അട്ടിമറി ശ്രമങ്ങളെ തുടര്‍ന്നാണ് ബൈഡന്‍റെ സ്ഥാനാരോഹണത്തിന് സുരക്ഷ എന്ന നിലയില്‍ യുഎസ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണം ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവിധ ഫെഡറല്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ യുഎസ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൂടിയാണ് പുതിയ ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam