ചൈനയിൽ കിട്ടിയ സകല സമ്മാനങ്ങളും വിമാനം കയറുംമുന്നേ ചവറ്റുകുട്ടയിൽ കളഞ്ഞ് ട്രംപും സംഘവും; ചാരപ്പേടി, പാലിച്ചത് കർശന നിർദേശങ്ങൾ

Published : May 16, 2026, 07:10 PM IST
beijing trump

Synopsis

വ്യാപാര ചർച്ചകൾക്കായി ചൈനയിലെത്തിയ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം വലിയ നേട്ടങ്ങളില്ലാതെ അവസാനിച്ചു. എന്നാൽ, ചൈനീസ് ചാരപ്രവർത്തനം ഭയന്ന് ട്രംപിന്റെ സുരക്ഷാ സംഘം എല്ലാ ചൈനീസ് നിർമ്മിത സമ്മാനങ്ങളും ഉപഹാരങ്ങളും വിമാനത്താവളത്തിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വെളിവാക്കുന്നതായി.

ബെയ്ജിംഗ്: വ്യാപാര രംഗത്തും അത്യപൂർവ്വ ധാതുക്കളുടെ കൈമാറ്റത്തിലും നിർണ്ണായക കരാറുകൾ ലക്ഷ്യമിട്ട് ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സോയാബീൻ, ബോയിംഗ് വിമാന കരാറുകൾ ഒഴികെ മറ്റ് വൻ നേട്ടങ്ങളൊന്നും സ്വന്തമാക്കാനാകാതെ മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ നയതന്ത്ര ചർച്ചകളേക്കാൾ ഉപരിയായി, ട്രംപും സംഘവും ബെയ്ജിംഗ് വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ കാട്ടിയ കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോൾ ആഗോളതലത്തിൽ വാർത്തയായിരിക്കുന്നത്.

ചൈനീസ് അധികൃതർ ഔദ്യോഗികമായി നൽകിയ ഉപഹാരങ്ങളും സ്മരണികകളും ഉൾപ്പെടെ 'ചൈനീസ് നിർമ്മിതമായ' ഒരൊറ്റ വസ്തു പോലും ട്രംപിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ കയറ്റാൻ യുഎസ് സുരക്ഷാ വിഭാഗം അനുവദിച്ചില്ല. വിമാനത്തിന്‍റെ പടവുകൾക്ക് താഴെ വെച്ചിരുന്ന ചവറ്റുക്കുട്ടയിലേക്ക് വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം പരസ്യമായി വലിച്ചെറിയുകയായിരുന്നു.

ചൈനീസ് അധികൃതർ നൽകിയ ബാഡ്ജുകൾ, പ്രസ് ക്ഷണക്കത്തുകൾ, മൊമെന്‍റോകൾ, താൽക്കാലിക ഫോണുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്നുള്ള ചാരപ്രവർത്തനവും ഡിജിറ്റൽ നിരീക്ഷണവും പൂർണ്ണമായി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഈ കടുത്ത നടപടി. ചൈനയിൽ നിന്നുള്ള ഒരു വസ്തുവും വിമാനത്തിൽ കയറ്റരുതെന്ന കർശന നിർദ്ദേശമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന് നൽകിയിരുന്നത്.

പര്യവേക്ഷണ ഉപകരണങ്ങൾ നയതന്ത്ര സമ്മാനങ്ങളിൽ ഒളിപ്പിക്കുന്ന ചൈനീസ് ശൈലി മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. യാത്രയിലുടനീളം കടുത്ത സുരക്ഷയാണ് ട്രംപും സംഘവും പുലർത്തിയത്. ട്രംപിനൊപ്പം യാത്ര ചെയ്ത പ്രമുഖ വ്യവസായികളായ ഇലോൺ മസ്ക്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരടക്കമുള്ളവർ തങ്ങളുടെ വ്യക്തിഗത ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അമേരിക്കയിൽ തന്നെ വെച്ചാണ് ചൈനയിലേക്ക് തിരിച്ചത്. സിഗ്നലുകൾ പൂർണ്ണമായി തടയുന്ന പ്രത്യേക 'ഫാരഡെ ബാഗുകളിൽ' സൂക്ഷിച്ച താൽക്കാലിക ഫോണുകൾ മാത്രമാണ് ഇവർ ചൈനയിൽ ഉപയോഗിച്ചത്.

പുറമേക്ക് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സൗഹൃദം നടിച്ചെങ്കിലും അണിയറയിൽ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കങ്ങളും ഉരസലുകളും നടന്നു. ബെയ്ജിംഗിലെ ടെംപിൾ ഓഫ് ഹെവനിലേക്ക് ഇരുനേതാക്കളും എത്തിയപ്പോൾ തോക്ക് കൈവശം വെച്ച അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥനെ ചൈനീസ് അധികൃതർ തടഞ്ഞത് കൈയാങ്കളിയിലാണ് കലാശിച്ചത്. കൂടാതെ ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് മാധ്യമപ്രവർത്തകരുടെ തിരക്കിൽപ്പെട്ട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തങ്ങൾ ചൈനയ്ക്കെതിരെയും ചൈന തങ്ങൾക്കെതിരെയും ശക്തമായ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്ന് മടക്കയാത്രയ്ക്ക് മുൻപ് ട്രംപ് തന്നെ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ ആദ്യ ചൈനീസ് സന്ദർശനം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ ഈ ദൃശ്യങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല
ദുബായിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനകം എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ അപ്രതീക്ഷിത സംഭവം, പരിഭ്രാന്തിക്കിടെ മാലാഖയായി അഖില