
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ പതിനാലിന സമാധാന ധാരണയിലെത്തിയെന്ന ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസിയുടെ വാർത്ത തള്ളി പ്രമുഖ ലോകനേതാക്കൾ രംഗത്ത്. താൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇത് താനും ട്രംപും തമ്മിലുള്ള കരാർ എന്നും നെതന്യാഹു വിവരിച്ചു. ഇറാന്റെ മിസൈൽ ശേഷി നിയന്ത്രിക്കുന്നതിനെക്കുറിച്ചോ പശ്ചിമേഷ്യയിലെ വിവിധ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ചോ ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട 14 ധാരണകളിൽ പരാമർശമില്ലാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും മുന്നറിയിപ്പ് നൽകി. ലബനൻ, ഗാസ, സിറിയ സെക്യൂരിറ്റി സോണുകളിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയത്. മെഹർ ന്യൂസ് ഏജൻസി വാർത്തയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും രംഗത്തെത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും തൊട്ടടുത്താണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രതികരിച്ചെങ്കിലും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും യഥാർത്ഥ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരാർ ഒപ്പിട്ടതിന്റെ പേരിൽ ഇറാന് ഒരു തരത്തിലുള്ള ഫണ്ടും വിട്ടുനൽകില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. എന്നാൽ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ അത് ഇറാന് ഭാവിയിൽ ഗുണം ചെയ്യുമെന്നും വാൻസ് ഓർമ്മിപ്പിച്ചു.
ഇറാൻ-അമേരിക്ക ചർച്ചകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പല റിപ്പോർട്ടുകളും വിവിധ രാജ്യങ്ങൾ ഇതിനകം തന്നെ നിഷേധിച്ചിട്ടുണ്ട്. ഇറാനുമായി രഹസ്യ ഊർജ ഉത്പാദന ധാരണയിലെത്തിയെന്ന തരത്തിൽ പുറത്തുവന്ന മാധ്യമ വാർത്തകൾ ഖത്തറും പൂർണ്ണമായി തള്ളിപ്പറഞ്ഞു. മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട പതിനാലിന പട്ടികയെച്ചൊല്ലി പശ്ചിമേഷ്യയിൽ നയതന്ത്ര തർക്കങ്ങളും ആശങ്കകളും ശക്തമാകുന്നതിനിടെയാണ് അന്താരാഷ്ട്ര തലത്തിൽ പ്രമുഖ നേതാക്കളുടെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam