പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിഷേധക്കാരെയാണ് ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്.
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ വൻ സംഘർഷം. പ്രതിഷേധക്കാർക്ക് നേരേ പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും നടത്തിയ വെടിവെപ്പിൽ 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടതായും 50-ലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. പാക് അധീന കശ്മീരിലെ റവാൽക്കോട്ട് മേഖലയിലാണ് പാകിസ്ഥാൻ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.
പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിഷേധക്കാരെയാണ് ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്. പ്രതിഷേധക്കാർക്ക് നേരേ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരുദിവസത്തിനിടെ മാത്രം ഇരുപതോളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അവാമി ആക്ഷൻ കമ്മിറ്റി വക്താവ് ഉമർ നാസിർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നാസിർ അടക്കം പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പ്രതിഷേധക്കാർക്ക് നേരേ പൊലീസ് നടത്തിയ വെടിവെപ്പിന് പിന്നാലെ റോഡിൽ മൃതദേഹങ്ങൾ നിറഞ്ഞനിലയിലാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പാക് അധീന കശ്മീരിലെ പ്രമുഖ വ്ളോഗറായ അഖീൽ ഭായിയും സാമൂഹികമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.
തലനാരിഴയ്ക്കാണ് തന്റെ ജീവൻ രക്ഷപ്പെട്ടത്. പക്ഷേ, തന്റെ സഹോദരങ്ങൾ കൊല്ലപ്പെട്ട കാഴ്ച കണ്ടതോടെ തന്റെ ജീവനിൽ ഇനി ആശങ്കയില്ല. ഇത് കാണുന്ന അന്താരാഷ്ട്ര മാധ്യമങ്ങളടക്കം എല്ലാവരോടും കൈക്കൂപ്പി അഭ്യർഥിക്കുകയാണ്. ഞങ്ങളെ പിന്തുണയ്ക്കണം. ഇവിടെ എണ്ണമറ്റ മൃതദേഹങ്ങളാണുള്ളത്. നിരവധിപേർക്ക് പരിക്കേറ്റിരിക്കുന്നു. മൃതദേഹങ്ങൾ ചുമന്ന് തങ്ങൾ തളർന്നിരിക്കുകയാണെന്നും ദയനീയമാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂൺ അഞ്ച് മുതൽ പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടവും പൊലീസും പ്രതിഷേധക്കാർക്കെതിരേ നിരന്തരം വെടിവെപ്പ് നടത്തിയിരുന്നു. ജൂൺ മുതൽ ഇതുവരെ ഏകദേശം 80-ഓളം പേർ പൊലീസ് വെടിവെപ്പിലും മറ്റും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാനായി കൂടുതൽ പൊലീസിനെയും പാക് അധീന കശ്മീരിൽ വിന്യസിച്ചിരുന്നു. ഏകദേശം 14,000-ഓളം സായുധ സേനാംഗങ്ങളെയാണ് മേഖലയിൽ പുതുതായി വിന്യസിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ അടിച്ചമർത്താനാണ് ഇവർക്ക് കിട്ടിയ നിർദേശമെന്നും റിപ്പോർട്ടുകളിലുണ്ട്. മേഖലയിലെ പലയിടങ്ങളിലും ഇന്റർനെറ്റ്, വൈദ്യുതി സേവനങ്ങൾ വിച്ഛേദിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.


