
വാഷിങ്ടണ്‍: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇറാൻ യുദ്ധത്തിന്‍റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് നടന്ന ഈ ആക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്ന് ഒരിക്കലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞേക്കില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ആക്രമണം നടന്ന സമയത്ത് എല്ലായിടത്തുനിന്നും മിസൈലുകൾ പറക്കുന്നുണ്ടായിരുന്നു. അവിടെ സംഭവിച്ചത് അങ്ങേയറ്റം ദാരുണമായ കാര്യമാണ്. എങ്കിലും മിസൈലുകൾ പലഭാഗത്തുനിന്നും വരുന്നുണ്ടായിരുന്നതിനാൽ ആരുടെ പിഴവാണ് ഇതെന്ന് കണ്ടെത്തുക എളുപ്പമല്ല," ട്രംപ് വ്യക്തമാക്കി.
"അത് ഞങ്ങളുടെ മിസൈൽ ആയിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഒരുപക്ഷേ അത് ഞങ്ങളുടെ മിസൈൽ ആയിരിക്കില്ല. അത് ഞങ്ങളുടേതാണെന്ന് വിശ്വസിക്കാൻ തക്കതായ യാതൊരു തെളിവും ഞാൻ കണ്ടിട്ടില്ല. അത് നമ്മൾ ആയിരിക്കില്ല ചെയ്തത്," ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയപ്പോഴാണ് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ മിസൈൽ പതിച്ചത്. ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 175-ലധികം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന് പിന്നിൽ യുഎസ് സേനയാകാനാണ് സാധ്യതയെന്ന് മാർച്ചിൽ യുഎസ് മിലിട്ടറിയുടെ പ്രാഥമിക ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പെന്‍റഗൺ ഈ വിഷയത്തിൽ വിപുലമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതുവരെ കണ്ടെത്തലുകളൊന്നും പുറത്തുവിട്ടിട്ടില്ല. സ്കൂളുകൾ പോലെയുള്ള പൊതുസ്ഥലങ്ങളെ അമേരിക്ക ഒരിക്കലും ബോധപൂർവ്വം ലക്ഷ്യമിടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. മുൻപ് ജി-7 ഉച്ചകോടിക്കിടെ സംസാരിക്കവേ, യുദ്ധങ്ങളിൽ തെറ്റുകൾ സംഭവിക്കാറുണ്ടെന്നും ആരും ഇത് ബോധപൂർവ്വം ചെയ്തതല്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ഇത് ബോധപൂർവ്വം ചെയ്ത ഒരു ക്രൂരതയും വലിയൊരു 'യുദ്ധക്കുറ്റവുമാണ്' എന്നാണ് ഇറാന്‍റെ നിലപാട്. ആഗോളതലത്തിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായ ഈ ദുരന്തത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന 'അങ്ങേയറ്റം ഭീകരം' എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam