ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണം സാധ്യമാകണമെന്ന പേരിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ തുടരുന്നതിനിടയിലാണ് ട്രംപിന്റെ 15 ഇന സമാധാന പദ്ധതി തള്ളുന്നതായി നെതന്യാഹു വിശദമാക്കിയത്.

ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ. 'ബോർഡ് ഓഫ് പീസ്'എന്ന പേരിലാണ് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വച്ചിരുന്നത്. ഈ നിർദ്ദേശം തള്ളുന്നതായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണം സാധ്യമാകണമെന്ന പേരിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ തുടരുന്നതിനിടയിലാണ് ട്രംപിന്റെ 15 ഇന സമാധാന പദ്ധതി തള്ളുന്നതായി നെതന്യാഹു വിശദമാക്കിയത്.

വെടിനിർത്തൽ കരാറിനുശേഷം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള തന്റെ 15 ഇന പദ്ധതിയിൽ വലിയ പുരോഗതിയുണ്ടായതായി കഴിഞ്ഞ മാസമാണ് ട്രംപ് അവകാശപ്പെട്ടത്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആക്രമണമാണ് പലസ്തീനെതിരെ ഇസ്രയേൽ നടത്തിയത്. ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ട്രംപിന്റെ സമാധാന കരാർ തള്ളുന്നതായി നെതന്യാഹു വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ അനുഭാവികളിൽ നിന്ന് വലിയ രീതിയിലുള്ള സമ്മർദ്ദമാണ് സമാധാന കരാർ ഉപേക്ഷിക്കാൻ നെതന്യാഹു നേരിട്ടിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഗാസയിലേക്കായുള്ള ട്രംപിന്റെ സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം