
ദില്ലി: ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന "സമാധാന ഉച്ചകോടിയിൽ" പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചു. ഗാസയിൽ സമാധാനം ലക്ഷ്യമിട്ട് നാളെ നടക്കുന്ന ഉച്ചകോടിയിലേക്കാണ് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ മോദി പങ്കെടുക്കുമോയെന്ന് ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സ്ഥിരീകരിച്ചിട്ടില്ല. നാളെ ഉച്ചയ്ക്ക് ശേഷമാണ് ഷാം എൽ-ഷെയ്ക്കിൽ ഉച്ചകോടി തുടങ്ങുക. അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും ട്രംപിന്റെയും സംയുക്ത അധ്യക്ഷതയിൽ 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മധ്യപൂർവേഷ്യയിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
യുഎസ് താരിഫുകൾ 50 ശതമാനം വർദ്ധിപ്പിച്ചതും എച്ച് -1 ബി വിസ ഫീസ് വർദ്ധിപ്പിച്ചതും അടക്കം ഉഭയകക്ഷി ബന്ധത്തിൽ അകലം സംഭവിച്ച ശേഷമാണ് ട്രംപ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയാണെങ്കിൽ ട്രംപുമായും ഈജിപ്‌തുമായും ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഇത് മാറും. ഇന്ന് ദില്ലിയിൽ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇരുവരും തമ്മിൽ സൗഹാർദപരമായ കൂടിക്കാഴ്ച നടന്നു. ഒക്ടോബർ 14 വരെ ഇന്ത്യയിലുള്ള സെർജിയോ ഗോർ ശനിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ട്രംപിൻ്റെ വിശ്വസ്തരിൽ പ്രധാനിയാണ് സെർജിയോ ഗോർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam