
ദില്ലി: പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘർഷത്തിൽ 19 അഫ്‌ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും, പാകിസ്ഥാൻ്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്‌ഗാനും പ്രതികരിച്ചു. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരിക്കേറ്റതായും അഫ്‌ഗാൻ അവകാശപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ, ബലൂചിസ്ഥാനിലെ ബരാംച എന്നിവിടങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അഫ്‌ഗാൻ പ്രതികരിച്ചു.
ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം സ്ഥിരീകരിച്ച് പ്രതികരിച്ചത്. 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ നശിപ്പിച്ചെന്നും നിരവധി ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തുവെന്നും സബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഒമ്പത് അഫ്ഗാൻ സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറും സൗദി അറേബ്യയും ഇടപെട്ടാണ് സംഘർഷം അഴസാനിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കാബൂളിൽ സ്ഫോടനം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ പാക് സൈന്യം ഉത്തരവാദിത്തം ഏറ്റെടുത്തില്ല. തുടർന്ന്, ശനിയാഴ്ച രാത്രി അഫ്ഗാൻ സുരക്ഷാ സേന പാകിസ്ഥാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പാക് സൈന്യം അഫ്ഗാൻ അതിർത്തി പോസ്റ്റുകളെ ലക്ഷ്യം വച്ച് പ്രത്യാക്രമണം നടത്തി. അഫ്ഗാൻ അതിർത്തിയിലെ 19 അഫ്ഗാൻ സൈനിക പോസ്റ്റുകൾ പാകിസ്ഥാൻ പിടിച്ചെടുത്തുവെന്ന് പാകിസ്ഥാനിലെ ഔദ്യോഗിക മാധ്യമമായ പിടിവി ന്യൂസ് എക്‌സിൽ പോസ്റ്റ് ചെയ്തു. പാകിസ്ഥാൻ്റെ പ്രത്യാക്രമണത്തെ തുടർന്ന് അഫ്‌ഗാൻ സൈന്യം പിന്മാറിയെന്നും ഈ പോസ്റ്റിൽ പറയുന്നു.
പീരങ്കികൾ, ടാങ്കുകൾ, ലൈറ്റ്, ഹെവി ആയുധങ്ങൾ, വ്യോമസേന, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. അഫ്ഗാൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുന്നതിന്റെ വീഡിയോകൾ പിടിവി ന്യൂസ് പുറത്തുവിട്ടത്. ഇതിൽ ചിലതിന് തീപിടിച്ച നിലയിലായിരുന്നു. കുറാമിൽ പാകിസ്ഥാൻ സൈന്യത്തിന് കീഴടങ്ങുന്ന അഫ്ഗാൻ സൈനികരുടെ വീഡിയോയും ഇതിൽ ഉണ്ടായിരുന്നു. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് അഫ്‌ഗാനും പാകിസ്ഥാനും തമ്മിൽ പോരാട്ടം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam