
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം. ഇറാനുമായി സമാധാന ചർച്ച രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തുന്നതോടെ പ്രതീക്ഷകളും വർധിക്കുകയാണ്. അമേരിക്ക - ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന വലിയ വിശ്വാസത്തോടെയാണ് പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തുന്നത്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനും സമാധാന സാധ്യതകൾ ആരായുന്നതിനുമായാണ് പാക് സംഘത്തിന്റെ സന്ദർശനം. ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ട ചർച്ച തുടങ്ങാനായാൽ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷ. വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി എത്രയും വേഗം നിർണ്ണായക ചർച്ചകൾ തുടങ്ങണമെന്ന നിർദ്ദേശമാകും പാകിസ്ഥാൻ നയതന്ത്ര സംഘം ഇറാന് കൈമാറുക. അയൽരാജ്യം എന്ന നിലയിൽ ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്ഥാൻ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥന്റെ റോളിലാണ് ഇടപെടുന്നത്.
ഇറാനു മേലുള്ള നാവിക ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത്. അമേരിക്കയിൽ നിന്നുള്ള പുതിയ പ്രസ്താവനകൾ ചർച്ചയ്ക്കുള്ള സാധ്യതകളെ സജീവമാക്കുകയാണ്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് മുന്നിൽ തുറക്കാൻ പോകുന്നത് വലിയ അവസരങ്ങളാണെന്ന് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകളിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. ഈ വാരാന്ത്യത്തിനുള്ളിൽ ചർച്ചയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉരോധം തുടരുന്നത് കല്ലുകടിയാണ്. ഇത് സംഘർഷത്തിലേക്ക് ഇതുവരെയും നീങ്ങാത്തത് ശുഭസൂചനയാണ്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതിയിൽ പിന്നോട്ടു പോകാനും ഇറാൻ തയാറാകുമോയെന്നത് പ്രധാനം. അങ്ങനെയെങ്കിൽ ഉപരോധങ്ങൾ നീക്കി അമേരിക്കയും വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam