
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം അത്ര എളുപ്പം നടക്കില്ല. അമേരിക്കൻ കോടതിയിൽ ഇക്കാര്യത്തിൽ ട്രംപിന് വീണ്ടും പ്രഹരമേറ്റിരിക്കുകയാണ്. ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന പ്രസിഡന്‍റ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. രാജ്യമൊട്ടാകെ ഇത് നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്ജി ഡെബറ ബോർഡ്‌മാൻ ഉത്തരവിട്ടു. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്‍റെ ഉത്തരവ് ഭരണഘടന ലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ ട്രംപിന്‍റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സ്റ്റേ ചെയ്തിരുന്നു.
അതിനിടെ പുറത്തുവന്ന വാർത്ത അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിൽ എത്തി എന്നതാണ്. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരിൽ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്. 40 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് ഇവർ അമൃത്സറിൽ എത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക - മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ നാൽപ്പത് മണിക്കൂർ യാത്ര ചെയത് ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. ഫിലിപ്പീൻസ് വഴി മാലിദ്വീപിനടുത്തെത്തിയ ശേഷമാണ് വിമാനം ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടന്നത്. ആകെ 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ വീതം തിരിച്ചെത്തി. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. 45 യു എസ് അധികൃതരും വിമാനത്തുണ്ടായിരുന്നു. തിരികെ എത്തിയ ഇന്ത്യക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽകേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam