'മഹാനായ നേതാക്കൾ'! പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും വാഴ്ത്തി ട്രംപ്; ഓവൽ ഓഫീസിലെ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച

Published : Sep 26, 2025, 03:21 PM IST
shehbaz sharif trump

Synopsis

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. 2019 ജൂലൈയിൽ ഇമ്രാൻ ഖാന്‍റെ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി ഓവൽ ഓഫീസിൽ എത്തുന്നത്

ന്യൂയോർക്ക്: വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 'മഹാനായ നേതാക്കളെ'ന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇരുവരെയും ട്രംപ് സ്വാഗതം ചെയ്തത്. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിൻ്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെ വെസ്റ്റ് എക്സിക്യൂട്ടീവ് അവന്യൂ പ്രവേശന കവാടത്തിൽ എത്തിയ ഷഹബാസ് ഷെരീഫിനെയും അസിം മുനീറിനെയും അമേരിക്കൻ ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. ശേഷം ഓവൽ ഓഫീസിലെ അടച്ചിട്ട മുറിയിൽ വച്ച് ഇവർ തമ്മിൽ കൂടിക്കാഴ്ചയും നടന്നു. ഷെരീഫിനെയും മുനീറിനെയും സന്ദർശനത്തിന് മുന്നേ തന്നെ 'മികച്ച നേതാക്കൾ' എന്ന് പ്രശംസിക്കാനും ട്രംപ് മടികാട്ടിയില്ല. ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, 'മഹാനായ നേതാക്കൾ വരുന്നുണ്ട്, പാകിസ്ഥാൻ പ്രധാനമന്ത്രിയും ഫീൽഡ് മാർഷലും, ഫീൽഡ് മാർഷൽ വളരെ മഹാനായ വ്യക്തിയാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ, ഇരുവരും വരുന്നു, അവരുമായി ഈ മുറിയിൽ കൂടിക്കാഴ്ച ഉണ്ടാകും' എന്നാണ് ട്രംപ് പ്രതികരിച്ചത്.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. 2019 ജൂലൈയിൽ ഇമ്രാൻ ഖാന്‍റെ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി ഓവൽ ഓഫീസിൽ എത്തുന്നത്. ഉഭയകക്ഷിബന്ധം, വ്യാപാരം, പ്രാദേശിക സുരക്ഷ, ആഗോള വെല്ലുവിളികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് ട്രംപും പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും തമ്മിൽ നടന്നതെന്നാണ് വിവരം. യു എൻ പൊതുസഭയുടെ ഭാഗമായി, ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി എട്ട് അറബ്, മുസ്ലീം രാഷ്ട്രത്തലവൻമാരും ട്രംപുമായി നടത്തിയ സംയുക്ത കൂടിക്കാഴ്ചയിലും ഷെരീഫ് പങ്കെടുത്തിരുന്നു.

പാക് ഭരണകൂടവുമായി ഊഷ്മളമായ ബന്ധത്തിലേക്ക്

പാക് ഭരണകൂടവുമായും സൈനിക നേതൃത്വവുമായും വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ട്രംപുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ നേരത്തെ തന്നെ പാക് സർക്കാർ പ്രത്യേക താൽപര്യമെടുത്തിരുന്നു. ഒരു കാലത്ത് ട്രംപ് പാകിസ്ഥാനെ 'ഭീകരരുടെ സുരക്ഷിത താവളം' എന്ന് വിളിക്കുകയും അമേരിക്കയെ ആവർത്തിച്ച് വഞ്ചിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നയാളാണ്. ആ സാഹചര്യത്തിൽ നിന്ന് പാക് - യു എസ് സൗഹൃദം ഊഷ്മളമായ ബന്ധത്തിലേക്ക് എത്തി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ - പാക് യുദ്ധ സാഹചര്യമാണ് അമേരിക്കയും പാകിസ്ഥാനുമായി നല്ല ബന്ധത്തിലേക്ക് എത്താനുള്ള കാരണങ്ങളിലൊന്ന്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്‍റെ അവകാശവാദം അംഗീകരിച്ച പാകിസ്ഥാൻ, ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പോലും നാമനിർദ്ദേശം ചെയ്തതും ശ്രദ്ധ നേടിയിരുന്നു. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാവുന്നതിൽ ഇത് വലിയ പങ്കുവഹിച്ചെന്നാണ് വിലയിരുത്തലുകൾ.

ട്രംപ് - മോദി ബന്ധം വീണ്ടും മെച്ചപ്പെടുമോ?

അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിന് മുമ്പുണ്ടായിരുന്ന ശക്തമായ ബന്ധം മങ്ങുന്നതിന്‍റെ ലക്ഷണങ്ങളും കാണുന്നുണ്ട്. 2022 ൽ റഷ്യ - യുക്രൈൻ യുദ്ധം ആക്രമിച്ചതിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ ട്രംപ് നിരന്തരം വിമർശനമുന്നയിക്കുന്നുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതാണ് ഇന്ത്യക്കെതിരായ ട്രംപിന്‍റെ വിമർശനങ്ങളുടെ കാതൽ. റഷ്യയുടെ യുദ്ധ വരുമാനം വർധിപ്പിക്കുകയാണ് എണ്ണ വാങ്ങലിലൂടെ ഇന്ത്യ ചെയ്യുന്നതെന്നാണ് ട്രംപിന്‍റെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം വരെ തീരുവ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ വ്യാപാര കരാറിലടക്കം ചർച്ചകൾ നല്ല നിലയിൽ മുന്നോട്ട് പോകുന്നത് ഇന്ത്യ - യു എസ് ബന്ധം വീണ്ടും മെച്ചപ്പെടാനുള്ള സാധ്യതയാണെന്നാണ് വിലയിരുത്തലുകൾ. മോദി- ട്രംപ് കൂടിക്കാഴ്ചയും വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ. 'എന്റെ അടുത്ത സുഹൃത്ത്, പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശംസയോ ആക്രമണമോ? ട്രംപിന്റെ ക്രിസ്മസ് സന്ദേശം! 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്
രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്