
ദാവോസ്: ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണ്. മോദിയോട് ഏറെ ബഹുമാനമുണ്ട്. ഇന്ത്യ - പാക് യുദ്ധം നിർത്തിയത് താനെന്ന് ദാവോസിലും ട്രംപ് ആവർത്തിച്ചു. അതേസമയം, ആഗോള നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും 'അമേരിക്ക ഫസ്റ്റ്' നയം ആവർത്തിച്ചു.
ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണിയും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയുള്ള വിമർശനവുമാണ് ഇത്തവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്. ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാൽ അത് 'അമേരിക്കൻ മണ്ണാണെന്നും' ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"നിങ്ങൾക്ക് ഇത് സമ്മതിക്കാം, അങ്ങനെയെങ്കിൽ ഞങ്ങൾ അതിനെ അഭിനന്ദിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് 'ഇല്ല' എന്ന് പറയാം, അത് ഞങ്ങൾ ഓർത്തുവയ്ക്കും," എന്നായിരുന്നു യൂറോപ്യൻ രാജ്യങ്ങൾക്കും ഡെന്മാർക്കിനും ട്രംപ് നൽകിയ മുന്നറിയിപ്പ്. യൂറോപ്പ് ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയെന്നും അത് നെഗറ്റീവായ മാറ്റമാണെന്നും അദ്ദേഹം പരിഹസിച്ചു. ബിസിനസ് നേതാക്കൾക്കിടയിൽ തന്‍റെ 'സുഹൃത്തുക്കളും കുറച്ച് ശത്രുക്കളും' ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
ഗ്രീൻലാൻഡിനെ 'മനോഹരമായ ഒരു വലിയ ഐസ് കഷ്ണം' എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് വാദിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗ്രീൻലാൻഡ് ഡെന്മാർക്കിന് തിരിച്ചുനൽകിയ അമേരിക്കയുടെ തീരുമാനം 'വിഡ്ഢിത്തം' ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കാനഡ നിലനിൽക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു. അമേരിക്കയോട് നന്ദിയുള്ളവരായിരിക്കാൻ അദ്ദേഹം കാനഡയോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam