'മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു'; അവകാശവാദവുമായി ട്രംപ്

Published : Jul 14, 2026, 09:23 AM IST
mojtaba-trump

Synopsis

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർന്നുവെന്നും ആയത്തുള്ള അലി ഖമനെയിയുടെ മകൻ മുജ്തബ 90 ശതമാനവും ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.

വാഷിങ്ടണ്‍: യുഎസ് - ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ സൈനിക ശേഷി തകരുകയും പ്രമുഖ കമാൻഡർമാർ ഇല്ലാതാവുകയും ചെയ്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി '90 ശതമാനവും ഇല്ലാതായി' കഴിഞ്ഞുവെന്ന് ട്രംപ് വെളിപ്പെടുത്തി.

അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്‍റെ നാവികസേനയും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണമായി തകർത്തുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. ഇറാന്റെ ഏറ്റവും മികച്ച കമാൻഡർമാരും നേതാക്കളും ഇതിനകം തന്നെ വധിക്കപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ഖമനെയി പോയി. അദ്ദേഹത്തിന്‍റെ മകൻ 90 ശതമാനവും ഇല്ലാതായെന്ന് ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് പിതാവ് അലി ഖമനെയി കൊല്ലപ്പെട്ട അതേ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മകൻ മുജ്തബ ഖമനെയിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം മുജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാതിരുന്നതോടെ മുജ്തബയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും നിലവിലുള്ള അവസ്ഥയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ വലിയ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്ന പരാമർശമാണ് ട്രംപ് നടത്തിയത്.

മാസങ്ങൾ നീണ്ടുനിന്ന വെടിനിർത്തൽ അവസാനിപ്പിച്ച് യുഎസും ഇറാനും വീണ്ടും ശക്തമായ ആക്രമണങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പരാമർശം. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായും ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിച്ചതായും ട്രംപ് യുഎസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു. നാവിക സഞ്ചാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കൻ നയം തിരുത്തിക്കുറിക്കുന്ന മറ്റൊരു നിർദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര കടലിടുക്കുകളിലൂടെ സുരക്ഷിതമായി കടന്നു പോകാൻ കപ്പലുകളിൽ നിന്ന് യുഎസ് ഇനി മുതൽ ഫീസ് ഈടാക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

അമേരിക്കൻ നീക്കങ്ങൾക്ക് മറുപടിയായി ബഹ്‌റൈനും യുഎഇയുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഇറാനെതിരെ മുന്നറിയിപ്പുമായി യുഎഇ രംഗത്തെത്തി. ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും പ്രകൃതിദത്ത വാതകവും കടന്നുപോയിരുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസും ഇറാനും തമ്മിൽ നടത്തുന്ന പോരാട്ടം പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികളടക്കം ഏറെ ജാഗ്രത പാലിക്കേണ്ട സംഭവം, കാർ റെന്റൽ സർവ്വീസുകളുടെ മറവിൽ രേഖകൾ കൈക്കലാക്കി, കുവൈത്തിൽ വൻ തട്ടിപ്പ്
'20 ശതമാനം കുറച്ച് കൂടുതൽ അല്ലേ'; ട്രംപിന്റെ പ്രഖ്യാപനത്തെ പരി​ഹസിച്ച് ഇറാൻ; 'ഹോർമുസിന്റെ യഥാർഥ കാവൽക്കാർ ഞങ്ങൾ'