
വാഷിംഗ്ടൺ: അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പോപ്പ് ഫ്രാൻസിസ് മരണപ്പെട്ട സാഹചര്യത്തിൽ അടുത്ത മാർപാപ്പ ആരാകണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് തനിക്ക് താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞത്. മാർപാപ്പയാകാൻ അവസരം ലഭിച്ചാല്‍ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് പറഞ്ഞു. 'അടുത്ത പോപ്പ് ആകാൻ എനിക്ക് ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ ഒന്നാം നമ്പർ ചോയ്‌സ്' - എന്നായിരുന്നു ട്രംപിന്‍റെ മറുപടി.
തമാശ കലർത്തിയുള്ളതാണ് ട്രംപിന്‍റെ പ്രതികരണം എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നതെങ്കിലും മറുവിഭാഗം ട്രംപിനെ നന്നായി ട്രോളുന്നുണ്ട്. വിവാഹിതനാണ്, മാമോദീസ സ്വീകരിച്ച കത്തോലിക്കനല്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് നെറ്റിസൺസിന്‍റെ വിമർശനം.
അത്സമയം പുതിയ മാർപാപ്പ ആരാകണമെന്നതില്‍ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളാണെങ്കില്‍ വളരെ സന്തോഷമാണ്. ന്യൂയോർക്കിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ തിമോത്തി ഡോളൻ വത്തിക്കാനിലെ ഉന്നത സ്ഥാനത്തേക്ക് 'വളരെ നല്ല' ഒരു ഓപ്ഷനായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് വിവരിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 2013 ൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ റോമൻ കത്തോലിക്കാ സഭയിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പോപ്പ്, തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്, ജെസ്യൂട്ട് ക്രമത്തിൽ നിന്നുള്ള ആദ്യ പോപ്പ് എന്നിങ്ങനെ നിരവധി ചരിത്രമെഴുതിയായിരുന്നു കടന്നുവരവ്. കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് വേണ്ടിയാണ് ആദ്യം പാപ്പ ശബ്ദമുയർത്തിയത്. പിന്നീട് കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്രപരമായ ക്ഷമാപണം, മനുഷ്യനുള്ള കാലം വരെ ഓർമ്മിക്കപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം