
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കത്തിൽ വലിയൊരു ഒത്തുതീർപ്പിന് സാധ്യത തെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ട് മാസം മുൻപ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ടെഹ്‌റാൻ ഇപ്പോൾ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ ധാരണയായതായും വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇത്തരമൊരു നിലപാട് മാറ്റത്തിന് ഇറാൻ നിർബന്ധിതമായതെന്ന് ട്രംപ് സൂചിപ്പിച്ചു. നിലവിൽ ചർച്ചകൾ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇറാൻ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവർ നൽകിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മുൻപ് ഇറാൻ മുന്നോട്ടുവെച്ച 20 വർഷത്തെ ആണവ നിയന്ത്രണം എന്ന ഉപാധിയിൽ ഒതുങ്ങുന്നതല്ല പുതിയ കരാറെന്നും അദ്ദേഹം വ്യക്തമാക്കി. 20 വർഷത്തിന് ശേഷവും ആണവായുധങ്ങൾ നിർമ്മിക്കില്ല എന്ന വിപുലമായ കരാറിലേക്കാണ് നീങ്ങുന്നത്. ഇതിൽ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വ്യവസ്ഥകൾ അംഗീകരിച്ചതായി ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2015-ലെ ആണവ കരാറിൽ നിന്ന് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഏകപക്ഷീയമായി പിന്മാറിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരുന്നു. എന്നാൽ പുതിയ നീക്കത്തിലൂടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിലൊന്നിന് അന്ത്യമാകുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam