
വാഷിംഗ്ടൺ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകളിൽ ഞെട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചടങ്ങുകൾക്കിടെ ഇറാന്‍റെ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും പൊട്ടിക്കരയുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങൾ ഖമേനിയെ വെറുക്കുന്നു എന്നാണ് താൻ കരുതിയതെന്നും ഇത് ഒരുപക്ഷേ 'വ്യാജക്കണ്ണീർ' ആയിരിക്കാമെന്നും ട്രംപ് പ്രതികരിച്ചു. തങ്ങൾ ദയവുള്ളവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി ഇറാന് ഒരാഴ്ചത്തെ 'അവധി' നൽകിയതെന്ന പരിഹാസവും ട്രംപ് ഉയർത്തിയിട്ടുണ്ട്.
അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകൾ രാജ്യത്ത് പുരോഗമിക്കവെ, ഇറാന്റെ അവശേഷിക്കുന്ന ഭരണനേതൃത്വത്തെ മുഴുവൻ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ തനിക്ക് സാധിക്കുമെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തി. എന്നാൽ, ചർച്ചകൾ നടത്താൻ പിന്നെ അവിടെ ആരും അവശേഷിക്കില്ല എന്നതിനാലാണ് താൻ അതിന് മുതിരാത്തതെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇറാന് നേരെ വീണ്ടും കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയത്.
ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇപ്പോൾ വിലാപചടങ്ങുകൾക്കായി ഒന്നിച്ച് ഒരിടത്ത് ഒത്തുകൂടിയിട്ടുണ്ടെന്നും ഒരൊറ്റ ആക്രമണത്തിലൂടെ അവരെയെല്ലാം വകവരുത്താൻ തനിക്ക് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇപ്പോൾ ഒരു സമാധാന കരാറിനായി കെഞ്ചുകയാണെന്നും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ അന്ത്യവിശ്രമ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുപക്ഷവും ചർച്ചകളിൽ നിന്ന് ഒരാഴ്ചത്തെ താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണെന്നും ഈ ദിവസങ്ങളിൽ പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും ട്രംപ് വെളിപ്പെടുത്തി.
അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28-നാണ് 36 വർഷം ഇറാൻ ഭരിച്ച അലി ഖമേനി കൊല്ലപ്പെട്ടത്. ഇസ്‌ലാമിക ആചാരപ്രകാരം മരണപ്പെട്ടയാളെ 24 മണിക്കൂറിനുള്ളിൽ സംസ്‌കരിക്കണമെന്നാണ് നിയമമെങ്കിലും യുദ്ധസാഹചര്യം നിലനിന്നിരുന്നതിനാൽ ഇതിൽ അപൂർവമായ ഇളവ് വരുത്തുകയായിരുന്നു. ഒടുവിൽ അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് വിലാപചടങ്ങുകൾക്ക് ഇറാൻ തുടക്കമിട്ടത്. ജൂലൈ ഏഴിന് വിശുദ്ധ നഗരമായ ഖുമിലും തുടർന്ന് മറ്റ് നഗരങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ജൂലൈ ഒൻപതിന് ഖമേനിയുടെ ജന്മനാടായ മഷാദിൽ ഭൗതികശരീരം സംസ്‌കരിക്കും. ലക്ഷക്കണക്കിന് ജനങ്ങളാണ് നിലവിൽ ഇറാന്റെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്.
അതേസമയം, കടുത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി തന്റെ പിതാവിന്റെ അന്ത്യയാത്ര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വധഭീഷണികളും നിരന്തരമായ നിരീക്ഷണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൊജ്താബ പരസ്യമായി ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സുരക്ഷ മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam