
അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ അതിനെ അംഗീകരിക്കാതിരുന്ന ട്രംപ്, തന്റെ പരാജയം സമ്മതിക്കാനും, പ്രസിഡന്റ് സ്ഥാനം ജോ ബൈഡന് വിട്ടുനല്കാനുമുള്ള മാനസിക നിലയിലേക്ക് പതുക്കെ ആണെങ്കിലും എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോവുന്ന പോക്കിന് ചൈനയ്ക്ക്, വിശിഷ്യാ ചൈനീസ് കമ്പനികൾക്ക് ഒരു മുട്ടൻ പണി കൊടുത്തുകൊണ്ടാണ് ട്രംപ് പർവ്വം അവസാനിക്കുന്നത്.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ, ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത് എന്ന് തരം തിരിച്ച ചില കമ്പനികളുണ്ട് ചൈനയിൽ. അതിൽ പലതും തുടർച്ചയായ അമേരിക്കൻ നിക്ഷേപത്തിന്റെ കൂടി ബലത്തിൽ മുന്നോട്ട് പോകുന്നവയാണ്. അത്തരത്തിലുള്ള ഒരു കൂട്ടം കമ്പനികളിൽ ഇനിയങ്ങോട്ട് നിക്ഷേപിക്കുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും കമ്പനികളെയും വിലക്കിക്കൊണ്ട്, അതിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉത്തരവാണ് ട്രംപിന്റെ ഭാഗത്തു നിന്ന് ഇറങ്ങിപ്പോകുന്ന പോക്കിന്, വ്യാഴാഴ്ച ഉണ്ടായിരിക്കുന്നത്. ബൈഡനോട് തെരഞ്ഞെടുപ്പിൽ തോറ്റു എന്നുറപ്പിച്ച ശേഷം ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ആദ്യ നിർണായക നടപടി കൂടിയാണ് ഇത്. ജനുവരി 20 -ന് ട്രംപ് ഓഫീസ് വിട്ടിറങ്ങും മുമ്പ് ചൈനക്ക് ദോഷം ചെയ്യുന്ന തരത്തിൽ ട്രംപിൽ നിന്നുണ്ടായേക്കാവുന്ന ഒരു കൂട്ടം നടപടികളിൽ ആദ്യത്തേത് മാത്രമാണ് ഇതെന്നാണ് നയതന്ത്ര വിദഗ്ധരുടെ പക്ഷം.
അമേരിക്കൻ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തുകൊണ്ട് സ്വന്തം സൈനിക ബലം വർധിപ്പിക്കാൻ ചൈന നടത്തുന്ന അണിയറ ശ്രമങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ പല അമേരിക്കൻ ഗവണ്മെന്റ് സമിതികളും കഴിഞ്ഞ കുറെ മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പെന്റഗൺ ആണ് ഇത്തരത്തിലുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ 31 ചൈനീസ് കമ്പനികളുടെ ഒരു പട്ടിക അടുത്തിടെ പുറത്തിറക്കിയത്. അതിൽ ചൈനീസ് സർക്കാരിന്റെ ടെലികോം കമ്പനിയായ ചൈനീസ് ടെലികോം ഉൾപ്പെടെയുള്ള വൻ സ്ഥാപനങ്ങളുമുണ്ട്. ഈ കമ്പനികളുടെ ഓഹരികൾ അമേരിക്കയിലെ ഓഹരിക്കമ്പോളത്തിൽ വ്യാപാരം നടത്തുന്നില്ല എങ്കിലും, അമേരിക്കയിലും മെയിൻ ലാൻഡ് ചൈനയിലും അല്ലാതുള്ള ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുളള ഇവയുടെ ഓഹരികളിന്മേൽ നിലവിൽ അമേരിക്കൻ പൗരന്മാർക്കും നിക്ഷേപങ്ങൾ നടത്താം എന്നുണ്ടായിരുന്നു. അതാണ് ഈ പുതിയ ഉത്തരവോടെ റദ്ദുചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഈ കമ്പനികൾക്ക് ഓർക്കാപ്പുറത്തേറ്റ ഇരുട്ടടിയുടെ ഫലമാണ് ചെയ്യുക. പല കമ്പനികളുടെയും ഓഹരി വില ഇതോടെ പ്രസ്തുത ഓഹരിവിപണികളിൽ കൂപ്പുകുത്താനും ഇടയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam