
പാരീസ് : താൻ മുന്നോട്ട് വെച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാൻസിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന സമിതിയിൽ അംഗമാകില്ലെന്ന പാരീസിന്റെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് വ്യാപാര യുദ്ധത്തിന് സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ വ്യക്തിപരമായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് ദ്വീപിനെക്കുറിച്ച് മാക്രോൺ തനിക്ക് അയച്ച സ്വകാര്യ സന്ദേശം ട്രംപ് പരസ്യപ്പെടുത്തി. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തെ പരിഹസിച്ച ഫ്രഞ്ച് നടപടിയോടുള്ള തിരിച്ചടിയായാണ് ഈ വെളിപ്പെടുത്തൽ. ആർട്ടിക് മേഖലയിൽ ട്രംപ് പുലർത്തുന്ന താൽപ്പര്യത്തെക്കുറിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നൽകിയ ന്യായീകരണങ്ങളെ ഫ്രാൻസ് നേരത്തെ പരിഹസിച്ചിരുന്നു.
അമേരിക്കയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതോടെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ട്രംപിന്റെ പുതിയ സമാധാന സമിതിയോടുള്ള എതിർപ്പ് ശക്തമാകുന്നതിനിടെയാണ് ഫ്രാൻസിനെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam