
സാന്‍റിയാഗോ∙ അർജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് ചിലിയിൽ സുനാമി മുന്നറിയിപ്പ് നൽകി.
ഭൂചലനത്തിന് പിന്നാലെ ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.
ഭൂകമ്പങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചിലി. മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ അതിന്റെ അതിർത്തിയിൽ ഒത്തുചേരുന്നു. നാസ്ക, ദക്ഷിണ അമേരിക്കൻ, അന്റാർട്ടിക്ക് പ്ലേറ്റുകൾ എന്നിവയാണവ.
1960ൽ തെക്കൻ നഗരമായ വാൽഡിവിയയിൽ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. രാജ്യത്തുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിത്. ഇതിൽ 9,500 പേർ കൊല്ലപ്പെട്ടു. 2010-ൽ മധ്യ ചിലിയുടെ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇത് സുനാമിക്ക് കാരണമായി. 520-ലധികം പേർ അന്ന് മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം