'ട്രംപിനെ ഭരണത്തിലെത്തിച്ചത് തെറ്റായി, ജനങ്ങളോട് ക്ഷമ ചോദിച്ച് ട്രംപിന്റെ ഉറ്റ അനുയായി ടക്കര്‍ കാള്‍സണ്‍

Published : Apr 22, 2026, 05:28 PM IST
Tucker Carlson with Trump

Synopsis

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ടക്കര്‍ കാള്‍സണ്‍ ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് കാള്‍സണ്‍ ജനങ്ങളോട് ക്ഷമചോദിച്ചത്.

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചതില്‍ വേദനയുണ്ടെന്ന് യുഎസ് ഇന്‍ഫളുവന്‍സറും ട്രംപിന്റെ അടുത്ത അനുയായിയുമായ ടക്കര്‍ കാള്‍സണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ടക്കര്‍ കാള്‍സണ്‍ ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ട്രംപിന്റെ മാഗാ കൂട്ടായ്മയുടെ മുന്‍നിരക്കാരില്‍ ഒരാളായ കാള്‍സണ്‍ പരസ്യമായി ജനങ്ങളോട് ക്ഷമചോദിച്ചത്.

ഇറാനുമായുള്ള യുദ്ധത്തിന്റെ പേരില്‍ പ്രസിഡന്റ് ട്രംപുമായി കടുത്ത ഭിന്നതയിലായിരുന്നു കണ്‍സര്‍വേറ്റീവ് കമന്റേറ്ററായ ടക്കര്‍ കാള്‍സണ്‍. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനൊപ്പം സജീവമായിരുന്ന ടക്കര്‍ കാള്‍സണ്‍ നിലവിലെ പ്രശ്‌നങ്ങളുടെ കാരണക്കാരില്‍ ഒരാളാണ് താനെന്നും പോഡ്കാസ്റ്റില്‍ പരസ്യമായി സമ്മതിച്ചു.

'എന്റെ മനസ്സ് മാറി എന്നോ അല്ലെങ്കില്‍ ഇത് മോശമാണ്, അതുകൊണ്ട് ഞാന്‍ പിന്മാറുന്നു എന്നോ മാത്രം പറഞ്ഞാല്‍ മാത്രം പോരാ, ഇക്കാര്യത്തില്‍ ഞാന്‍ വേദനിക്കുന്നുണ്ട്'-കാള്‍സണ്‍ പറഞ്ഞു.

'ഞാന്‍ ക്ഷമ ചോദിക്കുന്നു'

നേരത്തെ ട്രംപിനുവേണ്ടി പ്രസംഗങ്ങള്‍ എഴുതിയിരുന്ന സഹോദരന്‍ ബക്ലിയുമായി സംസാരിക്കവെയാണ് കാള്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'ഇത് നമ്മുടെ മനസ്സാക്ഷിയുമായി മല്ലിടേണ്ട നിമിഷമാണ്. ദീര്‍ഘകാലം ഇത് നമ്മളെ വേട്ടയാടും. എന്നെ ഇത് വല്ലാതെ വേദനിപ്പിക്കുന്നു. ആളുകളെ തെറ്റായി നയിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.'-കാള്‍സണ്‍ പറഞ്ഞു.

മുന്‍ ഫോക്‌സ് ന്യൂസ് അവതാരകനായിരുന്നു ടക്കര്‍ കാള്‍സണ്‍. അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകളെ ദീര്‍ഘകാലമായി എതിര്‍ക്കുന്ന കാള്‍സണ്‍ ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഴ്ചകളായി ട്രംപിനോടും അദ്ദേഹത്തിന്റെ അനുയായികളോടും കലഹത്തിലാണ്. ഈസ്റ്റര്‍ ഞായറാഴ്ച ഇറാനെതിരെ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഭീഷണി വല്ലാതെ ഞെട്ടിച്ചതായാണ് കാള്‍സണ്‍ വ്യക്തമാക്കിയത്. യുദ്ധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനെ 'നരകമാക്കിമാറ്റും' എന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെ, ട്രംപിന്റെ പെരുമാറ്റം തിന്മ നിറഞ്ഞതാണെന്ന് വിശേഷിപ്പിച്ച കാള്‍സണ്‍, പ്രസിഡന്റിനെതിരെ നിലകൊള്ളണമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

'കാള്‍സണ്‍ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണണം'

രണ്ടാഴ്ച മുമ്പ് ട്രൂത്ത് സോഷ്യലില്‍ ഷെയര്‍ ചെയ്ത സുദീര്‍ഘമായ പോസ്റ്റില്‍ ട്രംപ് കാള്‍സണും യുദ്ധത്തെ എതിര്‍ക്കുന്ന മറ്റ് കണ്‍സര്‍വേറ്റീവ് വിമര്‍ശകര്‍ക്കും മറുപടി നല്‍കിയിരുന്നു. അവരെ മണ്ടന്മാര്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, കാള്‍സണ്‍ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണണം എന്നും പരിഹസിച്ചു. 2023-ല്‍ ഫോക്‌സ് ന്യൂസില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം കാള്‍സണ്‍ പഴയതുപോലെയല്ല എന്നും ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. തൊട്ടടുത്ത ആഴ്ചയും ട്രംപ് കാള്‍സണെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. 'ടക്കര്‍ ബുദ്ധിശക്തി കുറഞ്ഞ വ്യക്തിയാണ് തോല്‍പ്പിക്കാന്‍ എളുപ്പമുള്ളവന്‍. ഉള്ളതില്‍കവിഞ്ഞ് പ്രാധാന്യം ലഭിച്ചവന്‍.'-ട്രംപ് എഴുതി.

തൊട്ടുപിന്നാലെ ട്രംപ് അനുയായികളും കാള്‍സണെ തെറിവിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. കാള്‍സണ്‍ രാജ്യത്തെ ഡെമോക്രാറ്റുകള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയാണെന്നാണ് ട്രംപ് അനുയായിയും തീവ്രവലതുപക്ഷ പ്രവര്‍ത്തകയുമായ ലോറ ലൂമര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചത്.

ട്രംപിന്റെ ഉറ്റ അനുയായി

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തല്‍പ്പരനും തീവ്രവലതുപക്ഷ വാദിയുമായ കാള്‍സണ്‍ ഒരുകാലത്ത് ഫോക്‌സ് ന്യൂസിലെ ഏറ്റവും പ്രശസ്തനായ പ്രൈം ടൈം അവതാരകനായിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടി പല കണ്‍സര്‍വേറ്റീവുകള്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു.

2020-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഡോമിനിയന്‍ വോട്ടിംഗ് സിസ്റ്റംസ് ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ 787.5 മില്യണ്‍ ഡോളറാണ് ഫോക്‌സ് ന്യൂസ് നല്‍കേണ്ടി വന്നത്. തുടര്‍ന്നാണ് കാള്‍സണ്‍ പുറത്താക്കപ്പെട്ടത്. കാള്‍സണ്‍ രഹസ്യമായി ട്രംപിനെ വിമര്‍ശിക്കുന്ന സന്ദേശങ്ങള്‍ ഈ സമയത്ത് പുറത്തുവന്നിരുന്നു. 2021 ജനുവരി 4-ന് അയച്ച ഒരു സന്ദേശത്തില്‍ ട്രംപിനോട് എനിക്ക് കടുത്ത വെറുപ്പാണ്' എന്ന് കാള്‍സണ്‍ എഴുതിയത് ഈ കേസിന്റെ സമയത്താണ് പുറംലോകമറിഞ്ഞത്.

എന്നാല്‍ 2024-ഓടെ കാള്‍സണ്‍ ജനപ്രിയ പോഡ്കാസ്റ്ററായി വീണ്ടും ഉയര്‍ന്നു വന്നു. ട്രംപുമായുള്ള ഭിന്നതകള്‍ പരിഹരിക്കപ്പെട്ടു. ജെ.ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചവരില്‍ കാള്‍സണും ഉണ്ടായിരുന്നു. പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന റാലിക്കിടെ വെടിയേറ്റതിന് പിന്നാലെ, 2024 ജൂലൈയില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് നാടകീയമായി എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ച ആദ്യത്തെ വ്യക്തി കാള്‍സണ്‍ ആയിരുന്നു.

മില്‍വാക്കിയിലെ കണ്‍വെന്‍ഷനില്‍ ട്രംപിന്റെ ബോക്‌സിലിരുന്ന് ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ അന്ന് പ്രചരിക്കപ്പെട്ടിരുന്നു. കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ച് ട്രംപിനെ 'താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തമാശക്കാരന്‍' എന്നാണ് കാള്‍സണ്‍ വിശേഷിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന് രഹസ്യവിവരങ്ങൾ കൈമാറി; വധശിക്ഷ നടപ്പാക്കി
താലിബാന്‍ വന്നപ്പോള്‍ ഓടിരക്ഷപ്പെട്ട അഫ്ഗാനികളുടെ അവസ്ഥ; കോംഗോയില്‍ പോയ്‌ക്കോ എന്ന് ട്രംപ് ഭരണകൂടം