രണ്ടുവർഷത്തിനുശേഷം വിക്കിപീഡിയ്ക്ക് മേലുള്ള വിലക്ക് നീക്കി തുർക്കി

By Web TeamFirst Published Jan 16, 2020, 2:20 PM IST
Highlights

വിക്കിപീഡിയയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് അഭിപ്രായ സ്വാതന്ത്രം ലംഘിക്കുന്നതാണെന്ന് രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ 
മാസം വിധിച്ചിരുന്നു. 

ഇസ്താംബുൾ: ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ വിജ്ഞാനകോശമായ വിക്കിപീഡിയ്ക്ക് മേലുള്ള വിലക്ക് നീക്കി തുർക്കി. ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിനെയും മറ്റ് തീവ്രവാദ സംഘടനകളെയും രാജ്യം പിന്തുണയ്ക്കുന്നുവെന്ന ഉള്ളടക്കം വെബ്സൈറ്റിൽനിന്ന് നീക്കംചെയ്യാൻ വിസമ്മതിച്ചതോടെയാണ് വിക്കിപീഡിയ്ക്ക് മേൽ തുർക്കി വിലക്കേർപ്പെടുത്തിയത്.

വൈബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ നീക്കം ചെയ്യാൻ കഴിയില്ലെന്ന് കാണിച്ച് 2017 മെയിൽ വിക്കിപീഡിയ ഭ​രണഘടനാ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. തുർക്കിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയും കീഴ് കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് ഭ​രണഘടനാ കോടതിയിൽ വിക്കിപീഡിയ ഹർജി ഫയൽ ചെയ്തത്.

വിക്കിപീഡിയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് അഭിപ്രായ സ്വാതന്ത്രം ലംഘിക്കുന്നതാണെന്ന് രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടുവർഷത്തിനുശേഷം വിക്കിപീഡിയ്ക്ക് മേലുള്ള വിലക്ക് തുർക്കി പിൻവലിച്ചത്. വിക്കിപീഡിയ്ക്ക് അനുകൂലമായ ഭരണഘടനാ കോടതി വിധി രാജ്യത്തെ ഔദ്യോ​ഗിക ​പത്രത്തിൽ പ്രസിദ്ധീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷം വെബ്സൈറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് 2017ലായിരുന്നു വിക്കിപീഡിയ്ക്ക് തുർക്കി വിലക്കേർപ്പെടുത്തിയത്.

വിക്കിപീഡിയ കൂടാതെ ആയിരക്കണക്കിന് വൈബ്സൈറ്റുകൾക്ക് തുർക്കിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2008ൽ രണ്ടുവർഷത്തേക്ക് തുർക്കിയിൽ യൂട്യൂബിന് വിലക്കേർപ്പെടുത്തിയിരുന്നു. തുർക്കി റിപബ്ലിക്ക് സ്ഥാപകനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു യൂട്യൂബിന് വിലക്കേർപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളെക്കാളും കൂടുതൽ തുർക്കിയിൽനിന്നാണ് ഉള്ളടക്കം നീക്കംചെയ്യണമെന്ന അപേക്ഷകൾ വരാറുള്ളതെന്ന് ട്വിറ്ററും വ്യക്തമാക്കി. 

click me!