
ടെഹ്റാൻ: ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു. ദേശീയ മാധ്യമം ആക്രമിച്ചതിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ ടെൽഅവീവ് ഒഴിയണമെന്നാണ് ഇറാന്റെ നിർദേശം.
അതിനിടെ, ഖമേനിക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. 'ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നെതന്യാഹു നിഷേധിച്ചില്ല. ഇത് സംഘർഷം വർദ്ധിപ്പിക്കില്ലെന്നും സംഘർഷം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാൻ ദീർഘകാലമായി ഈ മേഖലയിൽ അസ്ഥിരപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ എല്ലാവരെയും ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളിൽ ബോംബിടുകയും എല്ലായിടത്തും ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘർഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്‍റെ ആണവാഭിലാഷങ്ങളെ ആഗോള ഭീഷണിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിന്‍റെ നടപടികൾ ഇറാന്‍റെ പ്രേരിതമായ എന്നെന്നേക്കുമുള്ള യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും, അത് ലോകത്തെ ആണവദുരന്തത്തിന്‍റെ വക്കിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖമേനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്. ഇറാനെ ആക്രമിക്കും മുൻപ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു.