
ബെയ്ജിംഗ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് രഗസ ചുഴലിക്കാറ്റ്. തായ്വാനിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 17 പേർ മരിച്ചു. നൂറ്റൻപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. മുന്നറിപ്പിനെത്തുടർന്ന് 20 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ 3 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഫിലിപ്പീൻസിൽ നാശം വിതച്ചതിന് പിന്നാലെയാണ് ദക്ഷിണ ചൈനീസ് തീരത്ത് രഗാസ ആഞ്ഞടിച്ചത്. ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാണ് രഗാസ. ഹോങ്കോങ്ങിലും തായ്‌വാനിലും തെക്കൻ ചൈനീസ് തീരത്തും ജനജീവിതം സ്തംഭിച്ചു. ഗതാഗത- ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. ശക്തമായ കാറ്റിൽ കെട്ടിടങ്ങളും വീടുകളും തകർന്നു. തായ്‌വാനിലെ കിഴക്കൻ ഹുവാലിയൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
കനത്ത മഴയെ തുടർന്ന് തടയണ തകർന്ന് ഗാങ്ഫു ടൗൺഷിപ്പിലേക്ക് വെള്ളം കുതിച്ചെത്തി. നിരവധി വീടുകളും റോഡുകളും ഒലിച്ചുപോയി. വെള്ളം കുത്തിയൊഴുകിയതോടെ പല പാലങ്ങളും തകർന്നു. പത്തിലധികം നഗരങ്ങളിലെ സ്കൂളുകളും ഫാക്ടറികളും അടച്ചു. അപകട സാധ്യതെത്തുടർന്ന് നാലു ലക്ഷംപേരെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്.
ഹോങ്കോങ്ങിലും മക്കാവോയിലും ആഞ്ഞൂറിലധികം വിമാന സർവീസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ വീശുന്ന രഗസ ഹോങ്കോങ്ങിന്റെ തെക്കുഭാഗത്ത് 100 കിലോമീറ്റർ അകലെയായി തുടരുകയാണെന്ന് ഹോങ്കോങ്ങിന്റെ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കിഴക്കൻ തായ്വാനിൽ ചൊവ്വാഴ്ച കനത്ത നാശമാണ് രഗസ വിതച്ചത്. കരതൊട്ടതോടെ ശക്തി അൽപമൊന്ന് കുറഞ്ഞെങ്കിലും പ്രഹരശേഷി അൽപം പോലും ചുഴലിക്കാറ്റിന് കുറവ് വന്നിട്ടില്ലാത്തതാണ് സാഹചര്യം മോശമാക്കുന്നത്.
ശക്തം എന്നതിന് ഫിലിപ്പീനോ ഭാഷയിൽ അർത്ഥമാക്കുന്നതാണ് രഗസ എന്ന വാക്ക്. ചുറ്റിക്കറങ്ങി വൻ നാശം വിതയ്ക്കുന്ന ശക്തമായ കാറ്റ് എന്ന അർത്ഥത്തിലാണ് ഈ സൂപ്പർ ടൈഫൂണിന് രഗസ എന്ന പേര് നൽകിയിട്ടുള്ളക്. ഫിലിപ്പീൻസിൽ നന്ദോ എന്നാണ് രഗസയെ വിളിക്കുന്നത്. 140000 യാത്രക്കാരാണ് വിമാന സർവ്വീസുകൾ തടസപ്പെട്ടതോടെ കഴിഞ്ഞ 48 മണിക്കൂറിൽ വിവിധയിടങ്ങളിൽ കുടുങ്ങിയത്. വ്യാഴാഴ്ച അർധരാത്രിയോടെ 20 ശതമാനം വിമാന സർവ്വീസുകൾ പുനരാരംഭിക്കാനാവുമെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്.