ഖമനേയി വധത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുന്നു. ഇറാന്‍റെ ആക്രമണം ആസന്നമായിരുന്നില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണ്.  

വാഷിംഗ്ടൺ: ഇറാനെ ആക്രമിച്ചത് എന്തിനെന്ന് വിചിത്ര മറുപടിയുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിൽ നിന്ന് അടിയന്തര സുരക്ഷാഭീഷണി ഉണ്ടായിരുന്നു എന്ന വാദങ്ങൾ പൊളിക്കുന്നതാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അങ്ങനെയെങ്കിൽ ഇറാൻ യുഎസ്സിനെയും ആക്രമിക്കുമെന്ന് മനസിലാക്കി. കാത്തിരുന്നാൽ കൂടുതൽ ആൾനാശം ഉണ്ടാകുമെന്ന് വിലയിരുത്തി. അതിനാൽ ആദ്യം ആക്രമിച്ചെന്നാണ് റൂബിയോയുടെ വിചിത്ര വിശദീകരണം. ഇറാൻ അല്ല മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് മുതിർന്നതെന്നും ഇറാനിൽ നിന്ന് ഒരു അടിയന്തര ഭീഷണി ഉണ്ടായിരുന്നില്ലെന്നുമാണ് റൂബിയോ സമ്മതിക്കുന്നത്. ഖമനെയി വധത്തിന് ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പിടിവാശിക്ക് അമേരിക്കയും വഴങ്ങിയെന്ന് ചുരുക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനീവയിൽ ചർച്ചകൾ നടക്കുന്നതിനിടെ എന്തിനാണ് ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത്? ലോകം ഒന്നാകെ ഉയർത്തിയ ചോദ്യത്തിന് ഇറാന്‍റെ ആക്രമണം ആസന്നമായിരുന്നുവെന്നും തടയാൻ മറ്റ് വഴിയില്ലെന്നുമായിരുന്നു ഇസ്രയേലി പ്രതിരോധസേനയുടെ വിശദീകരണം. സൈനിക നടപടി സ്ഥിരീകരിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ഡോണൾഡ് ട്രംപും ഇതേ വാദം ഉയർത്തി. എന്നാൽ, യുദ്ധം തുടങ്ങിവയ്ക്കാൻ ഇറാന് പദ്ധതിയുണ്ടായിരുന്നില്ലെന്നും ഇസ്രയേൽ ആക്രമിച്ചാൽ ഇറാൻ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നുവെന്നുമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇപ്പോൾ പറയുന്നത്. ഇതോടെ ഖമനേയി വധത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുകയാണ്. ഇറാന്‍റെ ആക്രമണം ആസന്നമായിരുന്നില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണ്.

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പിടിവാശിക്ക് വഴങ്ങി അമേരിക്കയും സൈനിക നടപടിയിൽ പങ്കാളികളായി എന്നാണ് മാർക്കോ റൂബിയോ തുറന്നുപറഞ്ഞത്. റൂബിയോയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തിൽ അമേരിക്ക അനാവശ്യമായി പങ്കുചേർന്നുവെന്ന വിമർശനവുമായി നിരവധി സെനറ്റർമാരും ഗവർണർമാരും രംഗത്തെത്തി. ട്രംപ് അനുകൂലിയും വലതുപക്ഷ പോഡ് കാസ്റ്ററുമായ ടക്കർ കാൾസൻ, ഇറാനിലെ യുദ്ധം അമേരിക്കയുടേതല്ലെന്ന് തുറന്നടിച്ചു. റൂബിയോയുടെ പ്രസ്താവന ആയുധമാക്കി ഇറാനും രംഗത്തെത്തി. അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്രയേലിന് വേണ്ടിയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു. പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് അനുയായികൾക്ക് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ട്രംപിന് റൂബിയോയുടെ തുറന്നുപറച്ചിൽ കുരുക്കാകുമെന്നാണ് വിലയിരുത്തൽ.

YouTube video player