ജപ്പാൻ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 16, 2020, 8:52 PM IST
Highlights

ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. യാത്രക്കാരും ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്.

ടോക്യോ: കൊറോണ വൈറസ് (കൊവി‍ഡ് 19) പകർച്ച മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർക്ക് കൂടി വൈറസ് ബാധ സ്ഥരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. നേരത്തെ രോഗബാധ കണ്ടെത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട്. ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്. യാത്രക്കാരും ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജപ്പാനിലെ ഇന്ത്യൻ എംബസി അധികൃതര്‍ അറിയിച്ചു.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനിൽ നിന്ന് ദില്ലിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായി. ചാവ്ലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പൊലീസ് ക്യാമ്പിലുള്ള ഇവരെ ഘട്ടം ഘട്ടമായി ഡിസ്ചാര്‍ജ് ചെയ്യും. ഹരിയാന മനേസറിലെ ക്യാമ്പിലുള്ളവരെ പരിശോധനാ ഫലമെത്തുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ് ചെയ്യാനാണ് തീരുമാനം. മലയാളികള്‍ അടക്കമുള്ളവര്‍ ചൊവ്വാഴ്ചയാവും നാട്ടിലെത്തുക.

Also Read: കൊറോണ: ചൈനയില്‍ നിന്നെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും

click me!