ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനിൽ നിന്ന് ദില്ലിയില്‍ എത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും. ദില്ലിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. 

ചാവ്ലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പൊലീസ് (ഐടിബിപി) ക്യാമ്പിലുള്ളവരെ ഘട്ടം ഘട്ടമായി ഡിസ്ചാര്‍ജ് ചെയ്യാനാണ് തീരുമാനം. ഹരിയാന മനേസറിലെ ക്യാമ്പിലുള്ളവരെ പരിശോധന ഫലമെത്തുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ് ചെയ്യും. രണ്ട് വിമാനങ്ങളിലായി 654 പേരെയാണ് ഈ മാസം ആദ്യം ചൈനയില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. പതിനാല് ദിവസം ഐസൊലേഷന്‍ ക്യാമ്പില്‍ പാര്‍പ്പിക്കാനായിരുന്നു തീരുമാനം. അന്തിമ പരിശോധനകള്‍ക്കായി നാല് ദിവസം കൂടി ക്യാമ്പ് നീട്ടുകയായിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ ചൊവ്വാഴ്ചയോടെയാവും നാട്ടിലെത്തുക.

അതേസമയം, കൊറോണ രോഗം സ്ഥിരീകരിച്ച് കാസർഗോഡ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. തുടർച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടർന്നാണ് വിദ്യാത്ഥി ആശുപത്രി വിട്ടത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടിൽ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തിലെ മൂന്നാമത്തെ കൊറോണ കേസ് ആയിരുന്നു ഇത്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. 

Also Read: കൊറോണയില്‍ മുട്ടുമടക്കാതെ കേരളം: കാസര്‍ഗോഡ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു