
ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്യൂണിറ്റി അക്കാദമിക്ക് പുറത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെ നടന്ന വെടിവെപ്പിൽ പതിനാറു വയസ്സുള്ള നാലുപേർക്കാണ് പരിക്കേറ്റത്. രണ്ടു പേർ ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ മരിച്ചു. രണ്ടു പേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. വെടിയേറ്റവരും, വെടിവെച്ചവരും ആരെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവർ ഇതേ സ്‌കൂളിലെ വിദ്യാർഥികൾ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല എന്ന് ഷിക്കാഗോ പൊലീസ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണമുണ്ടാകു എന്നും ഷിക്കോഗോ പൊലീസ് അറിയിച്ചു.
കാപിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അന്വേഷണ സമിതി
അതേസമയം അമേരിക്കയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയേക്കും എന്നതാണ്. ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്നാണ് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി വ്യക്തമാക്കിയിരിക്കുന്നത്. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്താൻ ആലോചന നടക്കുന്നത്. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം ചേർന്ന ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. സമിതിയുടെ അന്തിമ യോഗം ഈ തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ശേഷമാകും ട്രംപിനെതിരായ നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam