
അബുദാബി: ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള അമേരിക്കയുടെ ക്ഷണം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) ഔദ്യോഗികമായി സ്വീകരിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അമരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയിലാണ് യു എ ഇ ഭാഗമാകുന്നത്. മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനും യു എ ഇയുടെ പങ്കാളിത്തം നിർണ്ണായകമാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു. സമാധാന ശ്രമങ്ങളിൽ സജീവമായി ഇടപെടുന്നതിലൂടെ ഗാസയിലെ ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി.
അതേസമയം ഡോണൾഡ് ട്രംപ് പുതുതായി രൂപം നൽകിയ ‘ബോർഡ് ഓഫ് പീസിനോട്’ ഇന്ത്യ ഇനിയും പ്രതികരിച്ചിട്ടില്ല. ഗാസയിലെ സ്ഥിതി മുൻനിർത്തിയാണ് ‘ബോർഡ് ഓഫ് പീസ്' മുന്നോട്ട് വച്ചതെങ്കിലും ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. സംഘർഷമുള്ളതോ സംഘർഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരത കൈവരുത്തുന്നതിനും നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന എന്നാണ് അറുപതോളം രാജ്യങ്ങൾക്ക് യു എസ് അയച്ച കരട് പ്രമാണരേഖയിൽ ബോർഡ് ഓഫ് പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണരേഖയ്ക്കൊപ്പം ഇതിൽ ചേരാനുള്ള ക്ഷണപത്രവുമുണ്ട്. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നാണ് ആശങ്ക. മറ്റു രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ചായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക. ട്രംപിന്റെ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവിൽ ഈ സമിതിയിലേക്ക് ആദ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ യു എ ഇയും പിന്തുണ പ്രഖ്യാപിച്ചത്. പുതിയ സമിതി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. സമിതിയിൽ തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തിയതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് വരും ആഴ്ചകളിൽ സമിതിയിലെ കൂടുതൽ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദമായ വിവരം പുറത്തുവിടുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam